Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:44 AM

കടൽ വിഭവങ്ങളുടെ പെരുമയുമായി ഷാർജയിൽ പുതിയ മേള

കൽബയിൽ പ്രഥമ 'ജാഷി ആൻഡ് സഹ്ന' ഫെസ്റ്റിവൽ സെപ്റ്റംബർ 24 മുതൽ

by Raneesha Razak

ഷാർജ : യുഎഇയുടെ പരമ്പരാഗത സമുദ്ര ഭക്ഷ്യപാരമ്പര്യം വിളിച്ചോതുന്ന പ്രഥമ ‘ജാഷി ആൻഡ് സഹ്ന ഫെസ്റ്റിവൽ’ (Jashe and Sahnah Festival) സെപ്റ്റംബർ 24 മുതൽ 27 വരെ ഷാർജയിലെ കൽബയിൽ സംഘടിപ്പിക്കുന്നു. ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയും (SCCI) കൽബ സിറ്റി മുൻസിപ്പാലിറ്റിയും സംയുക്തമായി അൽ ഗൈൽ സബർബിലെ അൽ സമർ ഏരിയയിലുള്ള 4,800 ചതുരശ്ര മീറ്റർ വിസ്തൃതമായ വേദിയിലാണ് നാല് ദിവസത്തെ ഫെസ്റ്റിവൽ ഒരുക്കുന്നത്. പ്രദേശവാസികളായ അറുപത്തഞ്ചിലധികം ഉൽപ്പാദകരും ചെറുകിട മത്സ്യബന്ധന സംരംഭകരും മേളയിൽ അണിനിരക്കും.
യുഎഇയിലെ പരമ്പരാഗത ഉണക്കമീൻ വിഭവമായ ‘ജാഷി’ (Jashe), പ്രത്യേക രീതിയിൽ ഉണക്കിപ്പൊടിച്ചെടുക്കുന്ന ‘സഹ്ന’ (Sahnah) എന്നീ വിഭവങ്ങൾക്ക് പ്രചാരം നൽകാനും പ്രാദേശിക നിർമ്മാതാക്കൾക്ക് പുതിയ വിപണന അവസരങ്ങൾ സൃഷ്ടിക്കാനുമാണ് മേള ലക്ഷ്യമിടുന്നത്. പരമ്പരാഗത മത്സ്യബന്ധന രീതികൾ, തത്സമയ പ്രദർശനങ്ങൾ, കുട്ടികൾക്കും കുടുംബങ്ങൾക്കുമായുള്ള പൈതൃക ശിൽപ്പശാലകൾ, പാചക മത്സരങ്ങൾ എന്നിവയും മേളയുടെ ഭാഗമായി നടക്കും. പുതിയ തലമുറയ്ക്ക് തീരദേശ പാരമ്പര്യത്തെയും സുസ്ഥിര മത്സ്യബന്ധന രീതികളെയും കുറിച്ച് അവബോധം നൽകാൻ ഫെസ്റ്റിവൽ സഹായിക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടർ ജനറൽ മുഹമ്മദ് അഹമ്മദ് അമീൻ അൽ അവാദി അറിയിച്ചു.

You may also like