27
അബുദാബി : ഗാലറികളുടെ ചുവരുകൾക്കപ്പുറം നഗരത്തെ വർണ്ണാഭമാക്കുന്ന തെരുവ് ചിത്രകലകൾ (Street Art) അബുദാബി നിവാസികളുടെ യാത്രകളെ മനോഹരമാക്കുന്നു. മുനിസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പിന്റെ (DMT) നേതൃത്വത്തിൽ ആരംഭിച്ച ‘അബുദാബി ക്യാൻവാസ്’ (Abu Dhabi Canvas) പദ്ധതിയുടെ ഭാഗമായി നഗരത്തിലെ ബസ് ഷെൽട്ടറുകൾ, യൂട്ടിലിറ്റി ബോക്സുകൾ, റോഡ് ക്രോസ്‌വേഡുകൾ എന്നിവയെല്ലാം കലാസൃഷ്ടികളാൽ സമ്പന്നമായിരിക്കുകയാണ്. നഗരവാസികൾക്ക് കൂടുതൽ ജീവസ്സുറ്റതും ആകർഷകവുമായ യാത്രാനുഭവമാണ് ഈ പദ്ധതി സമ്മാനിക്കുന്നത്.
അബുദാബി സിറ്റി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിലായി 130-ലധികം സ്ഥലങ്ങളിൽ ഇതിനോടകം 400-ലധികം ഇൻസ്റ്റലേഷനുകൾ ഒരുക്കിയിട്ടുണ്ട്. നൂറിലധികം പ്രാദേശിക കലാകാരന്മാരുടെ പങ്കാളിത്തത്തോടെ ഏകദേശം 7,800 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് ഈ ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. എമിറാത്തി പൈതൃകവും ആധുനികതയും ഇഴചേർക്കുന്ന ചിത്രങ്ങൾ നഗരത്തിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനൊപ്പം ജനങ്ങൾക്കിടയിൽ വലിയ സ്വീകാര്യതയും നേടിയിട്ടുണ്ട്. അബുദാബി അഡ്നെക് സെന്ററിൽ സെപ്റ്റംബർ 29 മുതൽ ഒക്ടോബർ 1 വരെ നടക്കുന്ന ‘ലിവ്എക്സ് 2026’ (LIVEX 2026) പ്രദർശനത്തിലും ഈ ആശയങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.