15
അജ്മാൻ: അജ്മാനിലെ പ്രധാന റോഡ് വികസന പദ്ധതികൾ അതിവേഗം പുരോഗമിക്കുന്നു. സിറ്റി സെന്റർ റോഡ്സ് ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ 75 ശതമാനവും അൽ ഹമീദിയ സ്ട്രീറ്റ് ഡെവലപ്‌മെന്റ് പ്രൊജക്റ്റിന്റെ ഒന്നാം ഘട്ടത്തിന്റെ 25 ശതമാനം പണികളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. ഇരു പദ്ധതികളും 2027 ആദ്യത്തോടെ പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കാൻ സാധിക്കുമെന്നാണ് അജ്മാൻ മുൻസിപ്പാലിറ്റി ആൻഡ് പ്ലാനിംഗ് ഡിപ്പാർട്ട്‌മെന്റ് വ്യക്തമാക്കുന്നത്.
ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ അബ്ദുൽറഹ്മാൻ മുഹമ്മദ് അൽ നുഐമി, ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെക്ടർ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. എഞ്ചിനീയർ മുഹമ്മദ് അഹമ്മദ് ബിൻ ഉമൈർ അൽ മുഹൈരി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ച് പുരോഗതി വിലയിരുത്തി.
അജ്മാനിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും സുഗമമായ വാഹനസഞ്ചാരം ഉറപ്പാക്കുന്നതിനുമായാണ് ഈ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത്. നഗരത്തിന്റെ പ്രധാന ഭാഗങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ് ശൃംഖലയുടെ കാര്യക്ഷമത വർദ്ധിപ്പിക്കാൻ പുതിയ പദ്ധതികൾ സഹായിക്കും.