ഷാർജ : ശാർജ സർക്കാർ മേഖലയിൽ 717 യുഎഇ സ്വദേശികൾക്ക് (എമിറേറ്റികൾ) കൂടി തൊഴിൽ നൽകാൻ സുപ്രീം കൗൺസിൽ അംഗവും ശാർജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി അനുമതി നൽകി. സ്വദേശിവൽക്കരണ പദ്ധതികൾ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ നിയമനം. 2026-ലെ ആദ്യ അഞ്ച് മാസങ്ങൾക്കുള്ളിൽ ശാർജ സർക്കാർ മേഖലയിൽ നിയമനം ലഭിച്ച 633 സ്വദേശികൾക്ക് പുറമെയാണ് ഈ പുതിയ ഉദ്യോഗാർത്ഥികളും ജോലിയിൽ പ്രവേശിക്കുന്നത്.
തൊഴിലന്വേഷകർക്കായുള്ള ‘ശാർജ പ്രോഗ്രാം ഫോർ ക്വാളിഫിക്കേഷൻ ആൻഡ് ട്രെയിനിംഗ്’ പദ്ധതിക്കും ശാർജ ഭരണാധികാരി അംഗീകാരം നൽകിയിട്ടുണ്ട്. 2026 ജൂൺ മുതൽ നവംബർ വരെയാണ് ഈ പ്രത്യേക പരിശീലന പരിപാടി നടപ്പിലാക്കുക. 410 സ്വദേശി തൊഴിലന്വേഷകർക്ക് ഈ പദ്ധതിയിലൂടെ മികച്ച പരിശീലനം ലഭിക്കും. പരിശീലന കാലയളവിൽ ഇവർക്ക് പ്രതിമാസം 6,000 ദിർഹം വീതം സ്റ്റൈപ്പൻഡും ലഭിക്കും. ആകെ 14.76 ദശലക്ഷം ദിർഹം ചിലവഴിച്ചാണ് ഈ പരിശീലന പദ്ധതി സർക്കാർ പൂർത്തിയാക്കുന്നത്.