UAE News
അബുദാബി : അന്താരാഷ്ട്ര ജ്യോതിശാസ്ത്ര കേന്ദ്രത്തിന്റെ (IAC) ഭാഗമായ അബുദാബി മരുഭൂമിയിലെ അൽ ഖാത്തിം ആസ്ട്രോണോമിക്കൽ ഒബ്സർവേറ്ററി (Al Khatim Astronomical Observatory) അപൂർവ്വ പ്രതിഭാസമായ ‘ഫയർഫോക്സ് നെബുല’യുടെ (Firefox Nebula) ദൃശ്യങ്ങൾ പകർത്തി. 54 മണിക്കൂറിലേറെ നീണ്ട തുടർച്ചയായ ഫോട്ടോഗ്രാഫിയിലൂടെയാണ് ഈ പ്രതിഭാസത്തിന്റെ വിപുലമായ ചിത്രം ശാസ്ത്രജ്ഞർ പകർത്തിയത്. ഫയർഫോക്സ് ഇന്റർനെറ്റ് ബ്രൗസറിന്റെ ലോഗോയോട് സാദൃശ്യമുള്ളതിനാലാണ് ഇതിന് ഈ പേര് നൽകിയിരിക്കുന്നത്.
ഭൂമിയിൽ നിന്ന് 2,770 പ്രകാശവർഷം അകലെ കാസിയോപ്പിയ (Cassiopeia) നക്ഷത്രസമൂഹത്തിലാണ് ഈ നെബുല സ്ഥിതി ചെയ്യുന്നത്. നക്ഷത്രങ്ങളുടെ അവസാന ഘട്ടത്തിൽ പുറന്തള്ളപ്പെടുന്ന വാതകപടലങ്ങളാണ് ഇതിന് കാരണം. നെബുലയുടെ മധ്യഭാഗത്തെ നക്ഷത്രം സെക്കൻഡിൽ 125 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നത് കൊണ്ടാണ് ഇതിന് അസമമായ വക്രരൂപം കൈവന്നത്. ഹൈഡ്രജൻ (ചുവപ്പ്), ഓക്സിജൻ (നീള), സൾഫർ (ഓറഞ്ച്) എന്നീ മൂലകങ്ങളുടെ സാന്നിധ്യം വേർതിരിച്ചറിയാൻ പ്രത്യേക ഫിൽട്ടറുകൾ ഉപയോഗിച്ചാണ് അബുദാബിയിലെ ജ്യോതിശാസ്ത്രജ്ഞർ ഈ ചിത്രം പൂർത്തിയാക്കിയത്.
അബുദാബി : ലോകമെമ്പാടുമുള്ള പ്രമുഖ വിപണികളിൽ വൻതോതിൽ നിക്ഷേപം ഇറക്കി യുഎഇ അന്താരാഷ്ട്ര തലത്തിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തമാക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ട്രേഡ് ആന്റ് ഡെവലപ്മെന്റ് (UNCTAD) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ യുഎഇയുടെ വിദേശ നേരിട്ടുള്ള നിക്ഷേപം (Outward FDI) 6,335.3 കോടി (63.353 billion) യുഎസ് ഡോളറിലെത്തി. ഇതോടെ രാജ്യത്തിന്റെ മൊത്തം വിദേശ നിക്ഷേപ ശേഖരം (Outward FDI Stock) 2025 അവസാനത്തോടെ 4,027.29 കോടി (402.729 billion) ഡോളറായി ഉയർന്നു. 2010-ൽ ഇത് വെറും 5,556 കോടി ഡോളറായിരുന്നു.
ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, പോർട്ടുകൾ, ലോജിസ്റ്റിക്സ്, കൃത്രിമബുദ്ധി (AI), സാങ്കേതികവിദ്യ, റിയൽ എസ്റ്റേറ്റ്, ആരോഗ്യം, സാമ്പത്തിക സേവനങ്ങൾ തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് യുഎഇ പ്രധാനമായും നിക്ഷേപം നടത്തുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, ഓസ്ട്രേലിയ ഉൾപ്പെടെയുള്ള 6 വൻകരകളിലായി മുബാദല (Mubadala), അബുദാബി ഇൻവെസ്റ്റ്മെന്റ് അതോറിറ്റി (ADIA), ഡിപി വേൾഡ് (DP World), എഡി പോർട്ട്സ് ഗ്രൂപ്പ് (AD Ports Group) എന്നീ വൻകിട യുഎഇ സ്ഥാപനങ്ങൾ തങ്ങളുടെ സാന്നിധ്യം വ്യാപിച്ചിരിക്കുന്നു. ഉത്തരവാദിത്തമുള്ള പങ്കാളിത്തങ്ങളിലൂടെയും സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലൂടെയും (CEPA) ആഗോള തലത്തിൽ മൂലധനം എത്തിക്കുന്നതിൽ യുഎഇ മുൻപന്തിയിലാണെന്ന് വദേശ വ്യാപാര മന്ത്രാലയം വ്യക്തമാക്കി.
അബുദാബി : ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , ഡിജിറ്റൽ സമ്പദ്വ്യവസ്ഥ എന്നിവയിലുള്ള യുഎഇയുടെ വളർച്ചയ്ക്ക് കരുത്ത് പകർന്ന് അന്താരാഷ്ട്ര ഡിജിറ്റൽ കണക്റ്റിവിറ്റി ശേഷി 500 ടെറാബിറ്റ്സ് പെർ സെക്കൻഡിലേക്ക് (Tbps) വർദ്ധിപ്പിക്കാനുള്ള ഇത്തിസലാത്തിന്റെ ബൃഹത് പദ്ധതി പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാന്റെ സാന്നിധ്യത്തിലാണ് തന്ത്രപ്രധാന പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. നിലവിലെ ശേഷിയേക്കാൾ 25 മടങ്ങിലധികം വർദ്ധനവോടെ 2030-ഓടെ പദ്ധതി പൂർണ്ണസജ്ജമാകും.
ഇത്തിസലാത്തിന്റെ (etisalat) 50-ാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കൂടിയാണ് എഐ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന പുതിയ വിഷൻ പ്രഖ്യാപിച്ചത്. രാജ്യത്തെ എഐ ക്യാമ്പസുകൾക്കും ആഗോള ക്ലൗഡ് സേവന ദാതാക്കൾക്കും ആവശ്യമായ കുറഞ്ഞ ലാറ്റൻസിയുള്ള വേഗതയേറിയ നെറ്റ്വർക്ക് പാതകളാണ് ഇതിലൂടെ ഒരുങ്ങുന്നത്. ടെലികോം, എഐ ആന്റ് ബിസിനസ് സൊല്യൂഷൻസ്, ഇൻഫ്രാസ്ട്രക്ചർ, ഫിൻടെക് എന്നീ നാല് മേഖലകളിൽ കേന്ദ്രീകരിച്ചാണ് ഇത്തിസലാത്ത് ഗ്രൂപ്പ് പുതിയ ഘട്ടത്തിലേക്ക് കടക്കുന്നത്. നിലവിൽ 38 രാജ്യങ്ങളിലായി 25 കോടിയിലധികം വരിക്കാരുള്ള കമ്പനിയുടെ ഈ നീക്കം യുഎഇയെ ആഗോള എഐ ഹബ്ബാക്കി മാറ്റാൻ സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.