അബുദാബി : സഹോദര രാജ്യമായ ജോർദാനെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായ ഭാഷയിൽ അപലപിച്ച് യുഎഇ. ജോർദാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും രാജ്യത്തിന്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും കടുത്ത ഭീഷണിയുമാണ് ഈ ആക്രമണമെന്ന് വിദേശകാര്യ മന്ത്രാലയം (MoFA) പ്രസ്താവനയിൽ വ്യക്തമാക്കി. ജോർദാന്റെ സുരക്ഷ ഉറപ്പാക്കാനും സ്ഥിരത നിലനിർത്താനും സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും യുഎഇയുടെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും മന്ത്രാലയം വീണ്ടും വ്യക്തമാക്കി.
UAE News
അബുദാബി : കുറച്ചു ദിവസങ്ങളിലെ ശാന്തതയ്ക്ക് ശേഷം യുഎസ്-ഇറാൻ സൈനിക സംഘർഷം വീണ്ടും ശക്തമാകുന്നു. ജോർദാനിലെ യുഎസ് സൈനിക കേന്ദ്രത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം അമേരിക്ക പ്രതിരോധിച്ചതിന് പിന്നാലെ, ഇറാഖിലെ ഇറാൻ പിന്തുണയുള്ള വിമത കേന്ദ്രങ്ങൾക്ക് നേരെ യുഎസും സൗദി അറേബ്യയും സംയുക്തമായി തിരിച്ചടി നൽകി. ബുധനാഴ്ച (ജൂലൈ 29, 2026) പുലർച്ചെയോടെയായിരുന്നു ഈ സൈനിക നീക്കം. സൗദി ഊർജ്ജ നിലയങ്ങൾക്ക് നേരെ തുടർച്ചയായുണ്ടായ ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായാണ് സൗദി നേരിട്ട് ആക്രമണത്തിൽ പങ്കാളിയായത്.
നിലവിൽ യുഎഇയിലെ ദൈനംദിന ജീവിതം സാധാരണ നിലയിലാണെങ്കിലും വിമാന സർവീസുകളുടെ വ്യതിയാനം, ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം, എണ്ണവില വ്യതിയാനങ്ങൾ എന്നിവ പ്രവാസികൾ ശ്രദ്ധിക്കേണ്ടതുണ്ട്. വ്യോമമേഖലയിലെ സുരക്ഷ മുൻനിർത്തി എയർലൈൻ പ്രഖ്യാപനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ യാത്രക്കാർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ദുബായ് : ആഗോളതലത്തിൽ നിർമ്മാണത്തിലിരിക്കുന്ന ഏറ്റവും ഉയർന്ന 20 കെട്ടിടങ്ങളിൽ ആറെണ്ണവും ദുബായിൽ സ്ഥിതി ചെയ്യുന്നതോടെ, ആകാശചുംബികളുടെ നിർമ്മാണത്തിൽ യുഎഇ തങ്ങളുടെ ഒന്നാം സ്ഥാനം വീണ്ടും ഉറപ്പിച്ചു. ഷെയ്ഖ് സായിദ് റോഡിൽ ഉയരുന്ന 725 മീറ്റർ ഉയരമുള്ള ബുർജ് അസീസിയാണ് ഇതിൽ പ്രധാനം. 2028-ൽ നിർമ്മാണം പൂർത്തിയാകുമ്പോൾ ഇത് ബുർജ് ഖലീഫയ്ക്ക് പിന്നിൽ ലോകത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കെട്ടിടമായി മാറും. ബിസിനസ് ബേയിലെ ബുർജ് ബിൻഗാട്ടി (595 മീറ്റർ), ഇൻഡോർ റെയിൻഫോറസ്റ്റുള്ള ടൈഗർ സ്കൈ ടവർ (532 മീറ്റർ), സിക്സ് സെൻസസ് റെസിഡൻസസ് (517 മീറ്റർ), ഫ്രാങ്ക് മുള്ളർ ഐറ്റേണിറ്റാസ് ക്ലോക്ക് ടവർ (450 മീറ്റർ) എന്നിവയാണ് മുൻനിരയിലുള്ള മറ്റ് വൻകിട പദ്ധതികൾ.
മറ്റ് പ്രധാന നിർമ്മാണങ്ങളിൽ ബിൻഗാട്ടി സ്കൈബ്ലേഡ് (357 മീറ്റർ), ഡൗൺടൗൺ ദുബായിലെ ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ & ടവർ (350 മീറ്റർ), റിക്സോസ് ഫിനാൻഷ്യൽ സെന്റർ റോഡ് റെസിഡൻസസ് (348 മീറ്റർ), അൽ ഹബ്തൂർ ടവർ (345 മീറ്റർ), മെഴ്സിഡസ് ബെൻസ് പ്ലേസസ് (341 മീറ്റർ) എന്നിവ ഉൾപ്പെടുന്നു. മെഴ്സിഡസ് ബെൻസ്, ജേക്കബ് & കോ, ഫ്രാങ്ക് മുള്ളർ, റിക്സോസ് തുടങ്ങിയ ആഗോള പ്രീമിയം ബ്രാൻഡുകളുമായി കൈകോർത്താണ് ഈ ആഡംബര ഗോപുരങ്ങളിൽ ഭൂരിഭാഗവും നിർമ്മിക്കുന്നത്.
ദുബായ് : ഗാർഹിക തൊഴിലാളി നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് 2026-ന്റെ ആദ്യ പകുതിയിൽ 42 ഡൊമസ്റ്റിക് വർക്കർ റിക്രൂട്ട്മെന്റ് ഓഫീസുകൾക്കെതിരെ 135 പിഴകൾ ചുമത്തി യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE). ഹൗസ്മേഡ് റിക്രൂട്ട്മെന്റ് രംഗത്തെ ക്രമക്കേടുകൾ തടയുന്നതിനും തൊഴിലുടമകളുടെയും തൊഴിലാളികളുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമായി നടത്തിയ പരിശോധനകൾക്ക് പിന്നാലെയാണ് അഡ്മിനിസ്ട്രേറ്റീവ്, സാമ്പത്തിക പിഴകൾ ഏർപ്പെടുത്തിയത്.
റിക്രൂട്ട് ചെയ്ത തൊഴിലാളികളെ തിരികെ അയക്കുകയോ അവർ ജോലിക്ക് ഹാജരാകാതിരിക്കുകയോ ചെയ്യുന്ന സാഹചര്യങ്ങളിൽ, തൊഴിലുടമകൾക്ക് നിയമപ്രകാരം തിരികെ നൽകേണ്ട തുക കൃത്യസമയത്ത് നൽകിയില്ലെന്നതാണ് കൂടുതൽ ലംഘനങ്ങളും (106 കേസുകൾ). നിയമപ്രകാരം രണ്ട് ആഴ്ചയ്ക്കുള്ളിൽ തുക തിരികെ നൽകണം. നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കാത്തതിനാണ് മറ്റ് 29 പിഴകൾ ചുമത്തിയത്. നിലവിൽ യുഎഇയിൽ അംഗീകാരമുള്ള 138 ലൈസൻസ്ഡ് ഏജൻസികളാണുള്ളത്. അംഗീകൃത ഏജൻസികളിലൂടെ മാത്രം ഇടപാടുകൾ നടത്തണമെന്നും പരാതികളുണ്ടെങ്കിൽ 80084 എന്ന നമ്പറിലോ മന്ത്രാലയത്തിന്റെ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴിയോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു.
ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ടുകളിൽ ഇനി ‘ബൈ നൗ, പേ ലേറ്റർ’ വിവരങ്ങളും ലഭ്യമാകും
അബുദാബി : യുഎഇയിലെ ജനങ്ങളുടെ ക്രെഡിറ്റ് റിപ്പോർട്ടുകളിൽ ‘ബൈ നൗ, പേ ലേറ്റർ’ (BNPL) ഇടപാടുകളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തി ഇത്തിഹാദ് ക്രെഡിറ്റ് ബ്യൂറോ (ECB). പ്രമുഖ ബിഎൻപിഎൽ സേവനദാതാക്കളായ ടാബി (Tabby), താമര (Tamara) എന്നിവയുമായി സഹകരിച്ചാണ് 2026 ജൂലൈ മുതൽ ഈ മാറ്റം പ്രാബല്യത്തിൽ വരുത്തിയത്. നിലവിലുള്ളതും പുതിയതുമായ ഉപഭോക്താക്കളുടെ മുൻകാല ഇടപാടുകളുടെ വിവരങ്ങൾ ഉൾപ്പെടെ ഇനി ക്രെഡിറ്റ് റിപ്പോർട്ടിൽ ലഭ്യമാകും.
ഉപഭോക്താക്കളുടെ സാമ്പത്തിക ബാധ്യതകളെക്കുറിച്ച് കൃത്യമായ ധാരണ ലഭിക്കുന്നതിനും, ബാങ്കുകൾക്കും വായ്പാ സ്ഥാപനങ്ങൾക്കും കൂടുതൽ സുരക്ഷിതമായി വായ്പകൾ നൽകുന്നതിനും ഈ തീരുമാനം സഹായിക്കും. കൂടാതെ, ബിഎൻപിഎൽ സേവനങ്ങൾ കൃത്യമായി ഉപയോഗിക്കുന്നവർക്ക് ഉയർന്ന ക്രെഡിറ്റ് സ്കോർ നേടാനും ഔദ്യോഗിക സാമ്പത്തിക വ്യവസ്ഥയുടെ ഭാഗമാകാനും ഇത് അവസരമൊരുക്കും. യുഎഇയിലെ ധനകാര്യ മേഖലയിൽ സുതാര്യത ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നടപടിയെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായ് : അക്കൗണ്ടുകളിൽ നിന്ന് അനുമതിയില്ലാതെ തുക പിൻവലിക്കപ്പെടുന്ന ബാങ്ക് തട്ടിപ്പുകൾക്ക് ഇരയാകുന്ന ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകാൻ ബാങ്കുകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് യുഎഇ സെൻട്രൽ ബാങ്കിന്റെ കൺസ്യൂമർ പ്രൊട്ടക്ഷൻ ചട്ടങ്ങൾ വ്യക്തമാക്കുന്നു. ഡിജിറ്റൽ പേയ്മെന്റ് സംവിധാനങ്ങളോ കാർഡുകളോ വ്യാജമായി നിർമ്മിക്കുന്നതും ഡാറ്റ ചോർത്തുന്നതും യുഎഇ സൈബർ ക്രൈം നിയമപ്രകാരം തടവുശിക്ഷയും 2 ലക്ഷം മുതൽ 20 ലക്ഷം ദിർഹം വരെ പിഴയും ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമാണ്. സാമ്പത്തിക തട്ടിപ്പുകൾ കാരണം ഉപഭോക്താവിനുണ്ടാകുന്ന നഷ്ടം കൃത്യസമയത്ത് നികത്താൻ ബാങ്കുകൾക്ക് ഉത്തരവാദിത്തമുണ്ട്.
എന്നാൽ, ഒടിപി (OTP) അല്ലെങ്കിൽ രഹസ്യ വിവരങ്ങൾ കൈമാറുന്നത് പോലെയുള്ള ഉപഭോക്താവിന്റെ ഭാഗത്തുനിന്നുള്ള കടുത്ത അശ്രദ്ധ കൊണ്ടാണ് തട്ടിപ്പ് നടന്നതെന്ന് തെളിഞ്ഞാൽ ബാങ്കിന് നഷ്ടപരിഹാര ബാധ്യതയുണ്ടായിരിക്കില്ല. തങ്ങളുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ഉറപ്പുള്ളവർക്ക് വിവരങ്ങൾ സഹിതം ബാങ്കിൽ ഔദ്യോഗികമായി പരാതി നൽകാം. കൂടാതെ, ഇടപാട് വിവരങ്ങളും തെളിവുകളും സഹിതം പോലീസിലും പരാതിപ്പെടേണ്ടതുണ്ട്. ബാങ്ക് സ്വീകരിക്കുന്ന നടപടികളിൽ തൃപ്തിയില്ലെങ്കിൽ അന്വേഷണത്തിനും പരിഹാരത്തിനുമായി വിഷയം യുഎഇ സെൻട്രൽ ബാങ്കിലേക്ക് ഉന്നയിക്കാവുന്നതാണ്.
റാസൽഖൈമ : പ്രമുഖ ഡെവലപ്പർമാരായ മർജാനും (Marjan) വിൻ റിസോർട്ട്സും (Wynn Resorts) ചേർന്ന് നിർമ്മിക്കുന്ന പുതിയ ആഡംബര ഹോട്ടൽ പദ്ധതിയായ ‘ജാനു അൽ മർജാൻ ഐലൻഡിന്റെ’ (Janu Al Marjan Island) തറക്കല്ലിടൽ ചടങ്ങ് നടന്നു. 2029-ൽ തുറക്കാൻ ലക്ഷ്യമിടുന്ന ഈ വാട്ടർഫ്രണ്ട് പ്രോജക്റ്റിൽ ലക്ഷ്വറി ഹോട്ടലും ബ്രാൻഡഡ് റെസിഡൻസുകളും വെൽനസ് കേന്ദ്രങ്ങളും ഉൾപ്പെടുന്നു.
യുഎഇയിലെ ആദ്യത്തെ ഗേമിംഗ് റിസോർട്ടായ ‘വിൻ അൽ മർജാൻ ഐലൻഡിന്’ തൊട്ടടുത്താണ് പുതിയ പദ്ധതി വരുന്നത്. പ്രശസ്തമായ അമാൻ ഗ്രൂപ്പിന്റെ (Aman Group) സബ് ബ്രാൻഡായ ജാനുവിന്റെ റസ് അൽ ഖൈമയിലെ ആദ്യ സംരംഭമാണിത്. പ്രദേശത്തെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനും സാമ്പത്തിക വളർച്ചയ്ക്കും ഈ പദ്ധതി വൻ ഉത്തേജനം നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.
അൽ ഐൻ : യുഎഇയുടെ പരമ്പരാഗത ഈന്തപ്പന കാർഷിക പാരമ്പര്യം ആഘോഷിക്കുന്നതിനും കർഷകരെ പിന്തുണയ്ക്കുന്നതിനുമായി അൽ ഐൻ സർൂജ് പാർക്കിൽ പ്രഥമ അൽ ഐൻ റുതബ് ഫെസ്റ്റിവലിന് (Al Ain Rutab Festival) തുടക്കമായി. അൽ ഐൻ മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർതൃത്വത്തിൽ അബുദാബി ഹെറിറ്റേജ് അതോറിറ്റിയാണ് ജൂലൈ 31 വരെ നീണ്ടുനിൽക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത്.
ലിവാ ഡേറ്റ് ഫെസ്റ്റിവലിന്റെ വിജയകരമായ സമാപനത്തിന് തൊട്ടുപിന്നാലെയാണ് അൽ ഐനിലെ ചരിത്രപ്രസിദ്ധമായ ഒയാസിസുകളിൽ ഉൽപ്പാദിപ്പിക്കുന്ന മികച്ച ഈന്തപ്പഴ ശേഖരങ്ങളുമായി പുതിയ മേള ആരംഭിച്ചിരിക്കുന്നത്. 5 മില്യൺ ദിർഹത്തിലധികം സമ്മാനത്തുകയുള്ള 19 മത്സരങ്ങളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ഖലാസ്, ഫർദ്, ഖെനൈസി തുടങ്ങി വിവിധ ഇനം ഈന്തപ്പഴങ്ങൾ, മാമ്പഴം, ചെറുനാരങ്ങ, അത്തിപ്പഴം തുടങ്ങിയ പ്രാദേശിക കാർഷിക വിളകൾ, പാരമ്പര്യ കരകൗശല വസ്തുക്കൾ എന്നിവയുടെ വിപണനവും പ്രദർശനവും ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളാണ്.
ദുബായ് : യുഎഇയിലേക്കുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതി സുഗമമാക്കുന്നതിനും റീ-എക്സ്പോർട്ട് വ്യാപാരം സംരക്ഷിക്കുന്നതിനുമായി ഫുജൈറയിൽ പുതിയ തുറമുഖ ടെർമിനലുകൾ നിർമ്മിക്കാൻ ഡിപി വേൾഡ് തയാറെടുക്കുന്നു. ഫുജൈറ പോർട്ട് അതോറിറ്റിയുമായി ചേർന്ന് 50 വർഷത്തെ കരാറിലാണ് ഡിപി വേൾഡ് ഒപ്പുവെച്ചിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ‘അൽ റുഗയ്ലാത്’ കണ്ടെയ്നർ ടെർമിനലും ‘ദിബ്ബ’ ജനറൽ കാർഗോ ടെർമിനലുമാണ് വികസിപ്പിക്കുന്നത്.
ഹോർമുസ് കടലിടുക്കിൽ തടസ്സങ്ങളുണ്ടായാലും ജാബൽ അലി തുറമുഖത്തേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെടാതിരിക്കാൻ ഈ പാത സഹായിക്കും. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് നേരിട്ട് പ്രവേശനമുള്ള ഫുജൈറ വഴി ചരക്കുകൾ രാജ്യത്തുടനീളം റോഡ് മാർഗ്ഗം എത്തിക്കാനാകും. നിർമ്മാണം ആരംഭിച്ച് രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുന്നതോടെ ഡിപി വേൾഡിന്റെ യുഎഇയിലെ കണ്ടെയ്നർ കൈകാര്യം ചെയ്യാനുള്ള ശേഷി 22 മില്യൺ ടി.ഇ.യു ആയി ഉയരും.
ദുബായ് : ദുബായിൽ വെച്ച് നഷ്ടപ്പെടുകയും പിന്നീട് പോലീസിന് ലഭിക്കുകയും ചെയ്യുന്ന സാധനങ്ങൾ വീടുകളിലോ ഓഫീസുകളിലോ നേരിട്ടെത്തിച്ച് നൽകുന്ന ഡോർസ്റ്റെപ്പ് ഡെലിവറി സേവനത്തിന് ദുബായ് പോലീസ് തുടക്കമിട്ടു. യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ എവിടെയുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സാധനങ്ങൾ കൈപ്പറ്റുന്നതിനായി പോലീസ് സ്റ്റേഷനുകളിലോ സർവീസ് സെന്ററുകളിലോ നേരിട്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. കണ്ടെടുത്ത തങ്ങളുടെ വസ്തുവകകൾ ഡെലിവറിയായി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് പോലീസിന്റെ 901 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെട്ട് ആവശ്യപ്പെടാവുന്നതാണ്.