ദുബായ് : സ്വന്തം രാജ്യം അല്ലാതെ മറ്റ് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന യോഗ്യരായ വിദേശികൾക്കുള്ള വിസ ഓൺ അറൈവൽ സേവനത്തിന്റെ നിബന്ധനകൾ വ്യക്തമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). യോഗ്യതയുള്ള സഞ്ചാരികൾക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ 14 ദിവസത്തേക്കോ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. ഇതിൽ 14 ദിവസത്തെ വിസ സമാന കാലാവധിയിലേക്ക് ഒരു തവണ കൂടി നീട്ടാൻ സാധിക്കുമെങ്കിലും 60 ദിവസത്തെ വിസ നീട്ടി നൽകില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിശ്ചിത യോഗ്യതകൾ ഉണ്ടെങ്കിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. അപേക്ഷകർ വെള്ള പശ്ചാത്തലത്തിലുള്ള നിലവിലെ പാസ്പോർട്ട് സൈസ് കളർ ഫോട്ടോ, കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള സാധാരണ പാസ്പോർട്ട്, അംഗീകൃത രാജ്യങ്ങൾ നൽകിയിട്ടുള്ള സാധുവായ റെസിഡൻസ് പെർമിറ്റ് എന്നിവ സമർപ്പിക്കണം. യു.എസ്, യുകെ, ഇ.യു രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൊന്നിൽ നിന്നുള്ള റെസിഡൻസ് പെർമിറ്റാണ് ഇതിനായി പരിഗണിക്കുന്നത്. 14 ദിവസത്തെ വിസയ്ക്ക് 172.50 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് സർവീസ് ഫീ. യാത്രക്കാരുടെ പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനാണ് ജിഡിആർഎഫ്എയുടെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും വെബ്സൈറ്റിലൂടെയും 24 മണിക്കൂറും ലഭ്യമായ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച് 48 മണിക്കൂറിനുള്ളിൽ വിസ നടപടികൾ പൂർത്തിയാകും.
Travel
വേനൽച്ചൂടിൽ ടയർ പൊട്ടിത്തെറിക്കാൻ സാധ്യത; ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പോലീസ്
അബുദാബി : ഉയർന്ന താപനില കാരണം വാഹനാപകടങ്ങൾക്ക് കാരണമാകുന്ന ടയർ ബ്ലോഔട്ടുകൾ (Tyre Blowout) തടയുന്നതിനായി പരിശോധനകൾ കർശനമാക്കണമെന്ന് വാഹന ഉടമകളോട് ആവശ്യപ്പെട്ട് അബുദാബി പോലീസ്. ‘സേഫ് സമർ’, ‘സമ്മർ വിത്തൗട്ട് ആക്സിഡന്റ്സ്’ എന്നീ റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികളുടെ ഭാഗമായാണ് നിർദ്ദേശം.
തേയ്മാനം സംഭവിച്ച ടയറുകൾ മാറ്റി സ്ഥാപിക്കാനും മാനദണ്ഡങ്ങൾ പാലിക്കുന്ന മികച്ച ടയറുകൾ മാത്രം ഉപയോഗിക്കാനും പോലീസ് മുന്നറിയിപ്പ് നൽകി. നിർദ്ദിഷ്ട അളവിൽ എയർ പ്രഷർ നിലനിർത്തുന്നത് ചൂടുകാലത്ത് ടയറുകൾ പൊട്ടിത്തെറിക്കുന്നത് തടയാൻ സഹായിക്കും. ബോധവൽക്കരണത്തിന്റെ ഭാഗമായി അൽ ഫുത്തൈം ഗ്രൂപ്പ്, മിഷെലിൻ തുടങ്ങിയ പ്രമുഖ ഏജൻസികളുമായി സഹകരിച്ച് റോഡുകളിൽ ഡ്രൈവർമാർക്കായി സൗജന്യ ടയർ സുരക്ഷാ പരിശോധനകളും പോലീസ് സംഘടിപ്പിക്കുന്നുണ്ട്.
ദുബായ്: വ്യോമഗതാഗത രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിടുന്ന യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE), പൈലറ്റില്ലാ വിമാനങ്ങളുടെയും (ഡ്രോണുകൾ) എയർക്രാഫ്റ്റുകളുടെയും റേഡിയോ സിസ്റ്റങ്ങളുമായി ബന്ധപ്പെട്ട പരിഷ്കരിച്ച നിയമങ്ങൾക്ക് ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ റെഗുലേറ്ററി അതോറിറ്റി (TDRA) അംഗീകാരം നൽകി. രാജ്യത്ത് എയർ ടാക്സി സർവീസുകൾ, ഡെലിവറി ഡ്രോണുകൾ, പുതിയ തലമുറയിൽപ്പെട്ട ഇലക്ട്രിക് വ്യോമ വാഹനങ്ങൾ എന്നിവ സുരക്ഷിതമായി പൊതുരംഗത്ത് ഇറക്കുന്നതിന് മുന്നോടിയായാണ് റേഡിയോ ഫ്രീക്വൻസികൾ അനുവദിക്കുന്നതിനുള്ള ചട്ടങ്ങൾ അതോറിറ്റി പുതുക്കിയത്. അത്യാധുനിക സാങ്കേതികവിദ്യകൾ പൂർണ്ണ സുരക്ഷയോടെയും വിശ്വാസ്യതയോടെയും പ്രാവർത്തികമാക്കാനും വ്യോമ സുരക്ഷ ഉറപ്പാക്കാനും ഈ പുതിയ സംയോജിത നിയന്ത്രണ അന്തരീക്ഷം സഹായിക്കുമെന്ന് ടിഡിആർഎ വ്യക്തമാക്കി. ഇതിലൂടെ ആധുനിക സാങ്കേതികവിദ്യയുടെയും നൂതന കണ്ടുപിടുത്തങ്ങളുടെയും ആഗോള കേന്ദ്രമെന്ന യുഎഇയുടെ പദവി കൂടുതൽ ശക്തമാകുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഷാർജ : റോഡ് വികസന പ്രവൃത്തികളും വേനലവധിക്കാലത്തെ മന്ദതയും കാരണം യുഎഇയിലെ ഷാർജയിലെ ചില പ്രദേശങ്ങളിൽ ഫ്ലാറ്റുകളുടെ വാടക കുത്തനെ കുറയുന്നു. വാടകക്കാർ കുറഞ്ഞതോടെ ആളുകളെ ആകർഷിക്കാൻ വാടക കുറയ്ക്കുന്നതിനൊപ്പം ഒരു മാസത്തെ സൗജന്യ താമസവും ഭൂവുടമകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. അൽ താവൂൺ റൗണ്ട് എബൗട്ട്, അൽ ഖാൻ എന്നീ പ്രദേശങ്ങളിലെ കെട്ടിടങ്ങളെയാണ് റോഡ് നിർമാണം പ്രധാനമായും ബാധിച്ചിരിക്കുന്നത്. റോഡ് പണി കാരണം ഈ ഭാഗങ്ങളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ളതിനാൽ, മെച്ചപ്പെട്ട യാത്രാസൗകര്യമുള്ള മറ്റ് സമീപപ്രദേശങ്ങളിലേക്ക് പല താമസക്കാരും മാറിത്താമസിക്കുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
ഈ വർഷം ആദ്യമുണ്ടായിരുന്ന നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ അൽ താവൂൺ, അൽ ഖാൻ മേഖലകളിൽ ഇപ്പോൾ ഫ്ലാറ്റുകൾക്ക് വലിയ രീതിയിൽ വാടക കുറഞ്ഞിട്ടുണ്ടെന്ന് പ്രോപ്പർട്ടി ഏജന്റുമാർ സ്ഥിരീകരിക്കുന്നു. നിലവിൽ ആളുകൾ നാട്ടിലേക്ക് പോകുന്ന വേനലവധിക്കാലമായതിനാലാണ് റോഡ് പണി നൽകുന്ന ആഘാതം ഒരു പരിധി വരെ കുറഞ്ഞത്. സ്കൂളുകൾ തുറക്കുന്ന സെപ്റ്റംബറോടെ ജനങ്ങൾ തിരിച്ചെത്തുന്നതോടെയും റോഡ് നിർമാണം പൂർത്തിയാകുന്നതോടെയും ഡിമാൻഡ് വീണ്ടും വർധിക്കുമെന്നാണ് ഈ രംഗത്തുള്ളവർ പ്രതീക്ഷിക്കുന്നത്. റോഡ് പണിയുടെ ബുദ്ധിമുട്ടുകൾ കാരണം ഫർണിച്ചറുകൾ മാറ്റാൻ താല്പര്യമില്ലാത്ത ചില കുടുംബങ്ങൾ, സാധനങ്ങൾ ഒരു ഫ്ലാറ്റിൽ മാത്രം ഒന്നിച്ച് സൂക്ഷിച്ച് വാടക പങ്കിട്ടെടുക്കുന്ന പുതിയ പ്രവണതയും ഈ പ്രദേശങ്ങളിൽ ഇപ്പോൾ കണ്ടുവരുന്നുണ്ട്.
ദുബായ് : നഗരത്തിലൂടെ സ്വതന്ത്രമായി നടക്കാനും സൈക്കിളിലോ ഇ-സ്കൂട്ടറിലോ കറങ്ങാനും ആഗ്രഹിക്കുന്നവർക്ക് യുഎഇയിൽ നിന്ന് ഇതാ ഒരു പുത്തൻ യാത്രാ വിപ്ലവം. ദുബായ് മരീന മുതൽ റിഗ്ഗ വരെയുള്ള 25 റെസിഡൻഷ്യൽ മേഖലകളെ അത്യാധുനിക കാൽനട-സൈക്കിൾ പാതകൾ വഴി പരസ്പരം കോർത്തിണക്കുന്ന അഞ്ചു വർഷത്തെ ബൃഹത്തായ മാസ്റ്റർ പ്ലാനിനാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) പച്ചക്കൊടി വീശിയത്. മെട്രോ, ബസ് സ്റ്റേഷനുകളിലേക്ക് എത്തുന്ന യാത്രക്കാരുടെ ആദ്യ-അവസാന ഘട്ട യാത്രകൾ (First and Last-Mile Journey) കൂടുതൽ സുരക്ഷിതവും എളുപ്പവുമാക്കുകയാണ് ഈ മാതൃകാ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
2030-ഓടെ ദുബായിലെ 63 പൊതുഗതാഗത സ്റ്റേഷനുകളുടെ പരിസര പ്രദേശങ്ങൾ വീതിയേറിയ നടപ്പാതകൾ, അത്യാധുനിക സൈക്കിൾ ട്രാക്കുകൾ, വെയിലിനെ പ്രതിരോധിക്കുന്ന തണൽ വഴികൾ, സുരക്ഷിതമായ ക്രോസിംഗുകൾ എന്നിവയോടെ ആഗോള നിലവാരത്തിലേക്ക് മാറും. നിലവിൽ ദുബായ് മരീന, നായിഫ്, അൽ റിഗ്ഗ, അൽ മുറാർ, അൽ മുറഖബാത് എന്നിവിടങ്ങളിൽ പദ്ധതിയുടെ നിർമാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. കഴിഞ്ഞ 2025-ൽ മാത്രം ദുബായിൽ 342 ദശലക്ഷം കാൽനട യാത്രകളും 57.3 ദശലക്ഷം സൈക്കിൾ യാത്രകളും 39.6 ദശലക്ഷം ഇ-സ്കൂട്ടർ ട്രിപ്പുകളും രേഖപ്പെടുത്തിയത് ജനങ്ങൾക്ക് ഇത്തരം ബദൽ മാർഗ്ഗങ്ങളോടുള്ള പ്രിയം തെളിയിക്കുന്നു. പദ്ധതി പൂർത്തിയാകുന്നതോടെ സ്വകാര്യ കാറുകളുടെ ഉപയോഗം കുറയ്ക്കാനും, നഗരത്തിലെ പൊതുഗതാഗത ശൃംഖലയെ കൂടുതൽ ജനകീയമാക്കാനും സാധിക്കുമെന്നാണ് ആർടിഎ വ്യക്തമാക്കുന്നത്.
കുവൈത്ത് വിമാനത്താവളത്തിൽ നിയന്ത്രണം; ദുബൈയിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കി എമിറേറ്റ്സും എയർ അറേബ്യയും
ദുബൈ: ഇറാൻ-യുഎസ് പ്രാദേശിക സംഘർഷങ്ങളെ തുടർന്ന് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങളിൽ തടസ്സം നേരിട്ടതോടെ, യുഎഇയിൽ നിന്നും കുവൈത്തിലേക്കുള്ള വിമാന സർവീസുകൾ അനിശ്ചിതത്വത്തിലായി. നിരവധി സർവീസുകളാണ് വിവിധ എയർലൈനുകൾ ഇതിനോടകം റദ്ദാക്കിയത്.
മേഖലയിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് ജൂലൈ 19 വരെയുള്ള നിരവധി ദുബൈ-കുവൈത്ത് സർവീസുകൾ എമിറേറ്റ്സ് എയർലൈൻസ് പൂർണ്ണമായും റദ്ദാക്കിയിട്ടുണ്ട്. ഇത്തിഹാദ് എയർവേസിന്റെ അബുദാബി-കുവൈത്ത് ഫ്ലൈറ്റ് (EY653) നിലവിൽ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് (awaiting update) എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ എയർ അറേബ്യയും യുഎഇക്കും കുവൈത്തിനും ഇടയിലുള്ള തങ്ങളുടെ നിരവധി സർവീസുകൾ റദ്ദാക്കിയതായി അവരുടെ ഫ്ലൈറ്റ് സ്റ്റാറ്റസ് പേജിലൂടെ വ്യക്തമാക്കി. യാത്രാതടസ്സങ്ങൾ ഒഴിവാക്കാൻ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രക്കാർ തങ്ങളുടെ എയർലൈനുകളുമായി ബന്ധപ്പെട്ട് കൃത്യമായ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
അബുദാബി : ഇത്തിഹാദ് റെയിൽ പാസഞ്ചർ സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ഏതുമാകട്ടെ, രണ്ട് ബാഗുകൾ വരെ തികച്ചും സൗജന്യമായി കൊണ്ടുപോകാമെന്ന് അധികൃതർ അറിയിച്ചു. മുതിർന്നവർക്കും മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്കുമാണ് ഈ ആനുകൂല്യം ലഭിക്കുക. സുരക്ഷാ കാരണങ്ങളാൽ ബാഗുകൾ യാത്രാ പാതകളിലോ എമർജൻസി എക്സിറ്റുകൾക്ക് സമീപത്തോ വെക്കാൻ പാടില്ല. നിശ്ചിത അളവിലുള്ള കാരിയറുകളിൽ വളർത്തുമൃഗങ്ങളെയും പക്ഷികളെയും ഒപ്പം കൂട്ടാം.
യാത്രക്കാർക്കായി ട്രെയിനുകളിൽ സൗജന്യ വൈ-ഫൈ, ചാർജിംഗ് പോയിന്റുകൾ, ലഘുഭക്ഷണങ്ങൾ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി സ്റ്റേഷനുകളിലും ട്രെയിനുകളിലും വിപുലമായ സൌകര്യങ്ങളുണ്ട്. അബുദാബിയിലെ സ്റ്റേഷനിലേക്ക് കണക്റ്റിവിറ്റി കൂട്ടാൻ പ്രത്യേക ഷട്ടിൽ ബസ് സർവീസുകളും ഇത്തിഹാദ് റെയിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഔദ്യോഗികമായി സർവീസ് ആരംഭിക്കുന്നതിന് മുൻപ് തന്നെ പതിനായിരത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.
ഷാർജ : അശ്രദ്ധമായി പെട്ടെന്ന് വരിമാറി (Sudden Swerving) ഓടിച്ചതിനെ തുടർന്നുണ്ടായ ഭീകരമായ റോഡപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലീസ്. റോഡിലെ ഒരു നിമിഷത്തെ തെറ്റായ തീരുമാനം എത്രത്തോളം വിനാശകരമാകുമെന്ന് മുന്നറിയിപ്പ് നൽകാനാണ് ട്രാഫിക് നിരീക്ഷണ ക്യാമറകളിൽ പതിഞ്ഞ ദൃശ്യങ്ങൾ പൊലീസ് പങ്കുവെച്ചത്.
റോഡിന്റെ ഇടതുവശത്തെ വരിയിലൂടെ പോവുകയായിരുന്ന ഒരു സിൽവർ സെഡാൻ കാർ പെട്ടെന്ന് എക്സിറ്റിലേക്ക് കയറാനായി മറ്റ് വരികളിലേക്ക് പെട്ടെന്ന് വെട്ടിച്ചുമാറുന്നതാണ് വീഡിയോയിലുള്ളത്. ഇതൊഴിവാക്കാൻ തൊട്ടടുത്ത വരിയിലൂടെ വന്ന വൈറ്റ് എസ്യുവി (SUV) വശങ്ങളിലേക്ക് മാറ്റിയതോടെ നിയന്ത്രണം വിട്ട് റോഡരികിലെ പെയ്വ്മെന്റിലിടിച്ച് കറങ്ങുകയായിരുന്നു. എക്സിറ്റുകൾ നഷ്ടപ്പെട്ടാൽ തൊട്ടടുത്ത എക്സിറ്റ് ഉപയോഗിക്കണമെന്നും, അല്ലാതെ പെട്ടെന്ന് വരിമാറി മറ്റ് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കരുതെന്നും ഷാർജ പൊലീസ് ഡ്രൈവർമാരോട് കർശനമായി ആവശ്യപ്പെട്ടു.
ദുബൈ : ദുബൈ ആർടിഎയും ദുബൈ ടാക്സി കമ്പനിയും ചേർന്ന് പൊതുജനങ്ങൾക്ക് തുറന്നുനൽകിയ ‘അപ്പോളോ ഗോ’ (Apollo Go) ഡ്രൈവർരില്ലാ ടാക്സി സർവീസിന് മികച്ച പ്രതികരണം. ജുമൈറ, ഉമ്മു സുഖീം എന്നീ മേഖലകളിൽ വെറും 5 ദിർഹം പ്രൊമോഷൻ നിരക്കിലാണ് ഇപ്പോൾ ഈ യാത്ര ലഭ്യമാകുന്നത്. അപ്പോളോ ഗോ ആപ്പ് വഴി നിശ്ചിത ബസ് സ്റ്റേഷനുകളിൽ നിന്ന് മാത്രമേ ഈ ടാക്സി ബുക്ക് ചെയ്യാനാകൂ. പരമാവധി മൂന്ന് പേർക്ക് യാത്ര ചെയ്യാവുന്ന കാറിൽ മസാജ് സീറ്റുകൾ, വയർലെസ് ചാർജിംഗ് തുടങ്ങിയ ആധുനിക സൌകര്യങ്ങളുണ്ട്. സിഗ്നലുകൾ കൃത്യമായി പാലിച്ചും സുരക്ഷ ഉറപ്പാക്കിയും സഞ്ചരിക്കുന്ന ഈ വാഹനങ്ങളുടെ എണ്ണം ഭാവിയിൽ 1000 ആയി ഉയർത്താനാണ് ആർടിഎ ലക്ഷ്യമിടുന്നത്.
ഖലീഫ സിറ്റി E20 ഹൈവേ അഞ്ച് വരിപ്പാതയാക്കുന്നു; നാല് പുതിയ പാലങ്ങളും നിർമ്മിക്കും
അബുദാബി : ഖലീഫ സിറ്റിയിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രാസൗകര്യം വർദ്ധിപ്പിക്കുന്നതിനുമായി ഇ20 (E20) ഹൈവേ വികസിപ്പിക്കാൻ അബുദാബി മുൻസിപ്പാലിറ്റീസ് ആൻഡ് ട്രാൻസ്പോർട്ട് വകുപ്പ് (DMT) പദ്ധതി പ്രഖ്യാപിച്ചു. നിലവിലുള്ള മൂന്ന് വരിപ്പാത അഞ്ച് വരിപ്പാതയായാണ് ഉയർത്തുന്നത്.
ഹൈവേ വികസനത്തിന് പുറമെ 10.5 കിലോമീറ്റർ നീളത്തിൽ പുതിയ റാമ്പുകളും നാല് പുതിയ പാലങ്ങളും പദ്ധതിയുടെ ഭാഗമായി നിർമ്മിക്കും. ഖലീഫ സിറ്റിയിലെയും എയർപോർട്ട് പരിസരത്തെയും ഗതാഗതം സുഗമമാക്കാൻ 1.5 കിലോമീറ്റർ നീളത്തിൽ ആന്തരിക റോഡുകളും എട്ട് ട്രാഫിക് സിഗ്നൽ ജംഗ്ഷനുകളും സ്ഥാപിക്കും. കൂടാതെ 62 കി.മീ നീളമുള്ള ഡ്രെയിനേജ് ശൃംഖല, 37 കി.മീ ജലസേചന ശൃംഖല, 485 തെരുവ് വിളക്കുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി സജ്ജീകരിക്കും.