അബുദാബി : ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് സെന്റർ സംഘടിപ്പിക്കുന്ന മൂന്നാമത് Dhay ഫോട്ടോഗ്രഫി മത്സരത്തിന്റെ’ മൂന്നാം പതിപ്പിലേക്ക് എൻട്രികൾ സമർപ്പിക്കാനുള്ള അവസരം തുടരുന്നു. യുഎഇ ‘കുടുംബ വർഷം 2026’ ആയി പ്രഖ്യാപിച്ചതിന്റെ ഭാഗമായി ‘മോസ്‌കിലെ കുടുംബം’ എന്ന പ്രമേയത്തിലാണ് ഇത്തവണ മത്സരം നടക്കുന്നത്. സെന്ററിന്റെ മേൽനോട്ടത്തിലുള്ള മോസ്‌കുകളിൽ കുടുംബങ്ങൾ ഒത്തുചേരുന്ന മനോഹര നിമിഷങ്ങൾ ക്യാമറയിലോ മൊബൈൽ ഫോണിലോ പകർത്തി മത്സരത്തിൽ പങ്കാളികളാകാം.
അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, ഫുജൈറ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക്, അൽ ഐൻ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്‌ക്, റാസൽഖൈമ ഷെയ്ഖ് ഖലീഫ ഗ്രാൻഡ് മോസ്‌ക് എന്നീ നാല് പള്ളികളിൽ നിന്നുള്ള ചിത്രങ്ങളാണ് മത്സരത്തിനായി പരിഗണിക്കുന്നത്. പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാർക്കും അമച്വർമാർക്കും ഒരുപോലെ പങ്കെടുക്കാവുന്ന ഈ മത്സരത്തിൽ വിജയിക്കുന്ന ഒന്നാം സ്ഥാനക്കാർക്ക് 5,000 ദിർഹവും, രണ്ടാം സ്ഥാനക്കാർക്ക് 3,000 ദിർഹവും, മൂന്നാം സ്ഥാനക്കാർക്ക് 1,000 ദിർഹവും ക്യാഷ് പ്രൈസായി ലഭിക്കും.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ തങ്ങൾ പകർത്തിയ ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിലെ ‘സ്‌പേസസ് ഓഫ് ലൈറ്റ് അവാർഡ്’ ഔദ്യോഗിക അക്കൗണ്ടായ @spacesoflight ടാഗ് ചെയ്തോ, #Dhay_Family, #Spaces_of_Light എന്നീ ഹാഷ്‌ടാഗുകൾ ഉപയോഗിച്ചോ പങ്കുവെക്കേണ്ടതാണ്. എൻട്രികൾ സമർപ്പിക്കാനുള്ള അവസാന തീയതി 2026 ജൂലൈ 12 ആണ്.