ദുബായ്: ആഗോളതലത്തിൽ തടസ്സങ്ങളും സംഘർഷങ്ങളും വർദ്ധിച്ചുവരുമ്പോഴും സാമ്പത്തിക വളർച്ചയ്ക്കും സ്ഥിരതയ്ക്കും ഏറ്റവും വലിയ കരുത്ത് വ്യാപാരവും നിക്ഷേപവുമാണെന്ന് യുഎഇ വിദേശവ്യാപാര മന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സെയൂദി. ദുബായിൽ നടന്ന എഐഎം കോൺഗ്രസ് (AIM Congress) പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഎഇ കേവലം ഒരു വിപണി മാത്രമല്ലെന്നും, ആഗോളതലത്തിലേക്ക് വളരാനും പുതിയ മേഖലകളിലേക്ക് നിക്ഷേപങ്ങൾ വ്യാപിപ്പിക്കാനുമുള്ള അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമാണ് നിക്ഷേപകർക്കായി രാജ്യം ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2026-ന്റെ ആദ്യ പകുതിയിൽ യുഎഇയുടെ എണ്ണയിതര വിദേശവ്യാപാരം 13.1 ശതമാനം വർദ്ധനവോടെ 1.9 ട്രില്യൺ ദിർഹം കവിഞ്ഞതായി മന്ത്രി ഓർമ്മിപ്പിച്ചു. 2025-ൽ മാത്രം 38.3 ബില്യൺ ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം (FDI) ആകർഷിക്കാൻ യുഎഇക്ക് സാധിച്ചു. തുടർച്ചയായ നാലാം വർഷമാണ് വിദേശനിക്ഷേപത്തിൽ രാജ്യം സർവ്വകാല റെക്കോർഡ് നേടുന്നത്. ഒറ്റ വർഷത്തിനുള്ളിൽ 34 ബില്യൺ ഡോളറിന്റെ 1,562 പുതിയ വിദേശനിക്ഷേപ പദ്ധതികൾ ആരംഭിച്ചതിലൂടെ 65,000-ത്തിലധികം പുതിയ തൊഴിലവസരങ്ങളാണ് രാജ്യത്ത് സൃഷ്ടിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.
18