ദുബായ് : സമുദ്രപാതകളും കനാലുകളും അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സർവേ ചെയ്യുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ‘സ്മാർട്ട് വാട്ടർവേ മാപ്പിംഗ്’ (Smart Waterway Mapping) പദ്ധതി ദുബായ് പൂർത്തിയാക്കി. ദുബായുടെ ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങളും സ്മാർട്ട് സിറ്റി സംവിധാനങ്ങളും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദുബായ് മുനിസിപ്പാലിറ്റി ഈ പൈലറ്റ് പ്രോജക്ട് വിജയകരമായി നടപ്പിലാക്കിയത്.
അൽ ജദ്ദാഫിലെ ദുബായ് വാട്ടർ കനാലിലായിരുന്നു പദ്ധതിയുടെ പരീക്ഷണ ഘട്ടം നടന്നത്. പ്രത്യേകമായി സജ്ജീകരിച്ച ബോട്ടിൽ ‘Leica TRK’ എന്ന അത്യാധുനിക മൊബൈൽ മാപ്പിംഗ് സിസ്റ്റം സ്ഥാപിച്ചാണ് കനാലിലെ വിവരങ്ങൾ ശേഖരിച്ചത്. ഇതിലൂടെ കനാലിന്റെ കൃത്യമായ ത്രിമാന (3D) മാതൃകകൾ നിർമ്മിക്കാൻ സാധിച്ചു. നഗരാസൂത്രണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിൽ ഈ വിവരങ്ങൾ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് അധികൃതർ വ്യക്തമാക്കി.
ദുബായുടെ Digital Twin പദ്ധതിക്ക് കരുത്തുപകരുന്നതാണ് ഈ പുതിയ വിവരശേഖരം. തുടർച്ചയായി പുതുക്കപ്പെടുന്ന സ്പേഷ്യൽ ഡാറ്റ ലഭ്യമാകുന്നതോടെ സർക്കാർ സ്ഥാപനങ്ങൾക്ക് കൂടുതൽ കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. വരും ഘട്ടങ്ങളിൽ എമിറേറ്റിലെ മറ്റ് ജലപാതകളിലേക്കും ഈ സർവേ വ്യാപിപ്പിക്കാനാണ് ദുബായ് മുനിസിപ്പാലിറ്റിയുടെ തീരുമാനം. മികച്ച നഗര മാനേജ്മെന്റ് സംവിധാനങ്ങളും സുസ്ഥിരമായ വികസനവും ഉറപ്പാക്കാൻ ഈ സ്മാർട്ട് മാപ്പിംഗ് പദ്ധതി വലിയ പങ്കുവഹിക്കും.