ദുബായ് : ബലിപെരുന്നാൾ അടുത്തിരിക്കെ ബലിമൃഗങ്ങളെ വാങ്ങാൻ ഒരുങ്ങുന്നവർക്കായി ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്. സോഷ്യൽ മീഡിയ വഴി ആകർഷകമായ വിലക്കുറവിൽ ബലിമൃഗങ്ങളെ വാഗ്ദാനം ചെയ്യുന്ന തട്ടിപ്പ് സംഘങ്ങൾക്കെതിരെയാണ് അധികൃതർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
പെരുന്നാളിനോടനുബന്ധിച്ച് കുറഞ്ഞ നിരക്കിൽ ബലിമൃഗങ്ങളെ നൽകാമെന്നും മറ്റ് ഈദ് ആനുകൂല്യങ്ങൾ ലഭ്യമാക്കാമെന്നും പറഞ്ഞ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാജ പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പ് സംഘങ്ങൾ പൊതുജനങ്ങളുടെ പണം തട്ടിയെടുക്കാൻ സാധ്യതയുള്ളതിനാൽ വിശ്വാസയോഗ്യമല്ലാത്ത ഓൺലൈൻ ലിങ്കുകളിലൂടെ മൃഗങ്ങളെ ബുക്ക് ചെയ്യരുതെന്ന് പോലീസ് നിർദ്ദേശിച്ചു.
ഔദ്യോഗികമായി അംഗീകരിച്ച ചന്തകൾ വഴിയോ സർക്കാർ നിർദ്ദേശിച്ച ആപ്പുകൾ വഴിയോ മാത്രം ബലിമൃഗങ്ങളെ വാങ്ങാൻ ശ്രദ്ധിക്കണം. സംശയാസ്പദമായ ലിങ്കുകളിലോ അറിയിപ്പുകളിലോ വീഴരുതെന്നും സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ദുബായ് പോലീസ് ഓർമ്മിപ്പിച്ചു. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഇ-ക്രൈം (e-crime) പ്ലാറ്റ്‌ഫോം വഴിയോ പോലീസിന്റെ ഹെൽപ്പ് ലൈൻ നമ്പറിലായോ വിവരം അറിയിക്കണമെന്നും അധികൃതർ അറിയിച്ചു.