ദുബായ് : കഴിഞ്ഞ ഒരു മാസമായി വലിയ ഏറ്റക്കുറച്ചിലുകൾക്ക് സാക്ഷ്യം വഹിക്കുന്ന യുഎഇയിലെ സ്വർണ്ണവിലയിൽ വൻ ഇടിവ്. ചൊവ്വാഴ്ച രാവിലെ ദുബായിൽ 24 കാരറ്റ് സ്വർണ്ണത്തിന്റെ വില ഗ്രാമിന് 500 ദിർഹത്തിന് താഴെയെത്തി. ജൂൺ 10-ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.രാവിലെ 10.35-ലെ കണക്കനുസരിച്ച് 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 496.25 ദിർഹമാണ് വില (തിങ്കളാഴ്ച ഇത് 506 ദിർഹമായിരുന്നു). പ്രവാസികൾക്കിടയിൽ ഏറ്റവും ജനപ്രിയമായ 22 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 459.50 ദിർഹമായി കുറഞ്ഞു. തിങ്കളാഴ്ചത്തെ വിലയായ 468.50 ദിർഹത്തിൽ നിന്നാണ് ഈ ഇടിവ്. ഈ മാസത്തിന്റെ തുടക്കത്തിൽ (ജൂൺ 2) 24 കാരറ്റിന് 542.50 ദിർഹവും 22 കാരറ്റിന് 502.25 ദിർഹവുമായിരുന്നു ദുബായിലെ നിരക്ക്. ഇതിൽ നിന്നാണ് യഥാക്രമം 46.25 ദിർഹവും 42.75 ദിർഹവും ഈ മാസം മാത്രം കുറഞ്ഞത്.
അന്താരാഷ്ട്ര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും അമേരിക്കൻ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് (Fed) പലിശനിരക്കുകൾ ദീർഘകാലത്തേക്ക് ഉയർന്ന നിലയിൽ നിലനിർത്തിയേക്കുമെന്ന സൂചനകളുമാണ് സ്വർണ്ണവില ഇടിയാൻ പ്രധാന കാരണം. രാജ്യാന്തര വിപണിയിൽ സ്വർണ്ണവില ഔൺസിന് 4,115 ഡോളർ നിലവാരത്തിലേക്ക് താഴ്ന്നു. കൂടാതെ മിഡിൽ ഈസ്റ്റിലെ സംഘർഷാവസ്ഥ താൽക്കാലികമായി ശാന്തമായതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണ്ണത്തിനുള്ള ഡിമാൻഡ് കുറയാൻ കാരണമായിട്ടുണ്ടെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു. വില കുറഞ്ഞത് വേനലവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന പ്രവാസികൾക്കും ജ്വല്ലറി ഉപഭോക്താക്കൾക്കും വലിയ അനുകൂല അവസരമാണ് ഒരുക്കിയിരിക്കുന്നത്.
Raneesha Razak
പ്ലാസ്റ്റിക് മാത്രമല്ല; യുഎഇ സർക്കുലർ ഇക്കോണമി നേരിടുന്ന പുതിയ വെല്ലുവിളികൾ
ദുബായ് : യുഎഇയിൽ സർക്കുലർ ഇക്കോണമി (Circular Economy) ചർച്ചകൾ കാലങ്ങളായി പ്ലാസ്റ്റിക് മാലിന്യങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കുമ്പോൾ, അതിനേക്കാൾ വലിയ പാരിസ്ഥിതിക വെല്ലുവിളിയായി മാറുന്ന ‘ജൈവമാലിന്യങ്ങളെ’ (Organic Waste) അവഗണിക്കുകയാണെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. യുഎഇ ഗ്രീൻ അജണ്ട 2030, സർക്കുലർ ഇക്കോണമി പോളിസി 2031 എന്നിവയുടെ ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ പ്ലാസ്റ്റിക്കിനപ്പുറം ജൈവമാലിന്യ സംസ്കരണത്തിന് രാജ്യം മുൻഗണന നൽകേണ്ടതുണ്ട്. നഗരങ്ങളിലെ ഖരമാലിന്യത്തിന്റെ 40 ശതമാനവും ജൈവമാലിന്യങ്ങളാണ്. ഇവ മണ്ണടിയുമ്പോൾ ഉണ്ടാകുന്ന മീഥെയ്ൻ വാതകം കാർബൺ ഡയോക്സൈഡിനേക്കാൾ 80 മടങ്ങ് ആഗോളതാപനത്തിന് കാരണമാകുന്നുണ്ട്. ബയോപ്ലാസ്റ്റിക് (PLA) പോലുള്ള പുതിയ മെറ്റീരിയലുകൾ വിപണിയിൽ വരുന്നുണ്ടെങ്കിലും കൃത്യമായ സംസ്കരണ സംവിധാനങ്ങളുടെ കുറവും പ്ലാസ്റ്റിക് കലർന്നുള്ള മാലിന്യ മലിനീകരണവും (Contamination) വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ജൈവമാലിന്യങ്ങളെ കൃത്യമായി വേർതിരിക്കാനും സംസ്കരിക്കാനുമുള്ള ശക്തമായ നിയമങ്ങളും ആധുനിക ഇൻഫ്രാസ്ട്രക്ചറും ഒരുക്കുകയാണ് യുഎഇക്ക് മുന്നിലുള്ള അടുത്ത പ്രധാന ദൗത്യം.
ദുബായ് : യാത്രക്കാർ തങ്ങളുടെ യാത്ര ആരംഭിക്കുന്നതിന് മുൻപായി ബസ് റൂട്ടുകളും സ്റ്റോപ്പുകളും കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (RTA) അഭ്യർത്ഥിച്ചു. യാത്രാസമയം ലാഭിക്കുന്നതിനും അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനും മുൻകൂട്ടിയുള്ള ആസൂത്രണം സഹായിക്കുമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു. ഓരോ ബസും നിർദ്ദിഷ്ട സ്റ്റേഷനുകളിലൂടെയും സ്റ്റോപ്പുകളിലൂടെയുമാണ് സർവീസ് നടത്തുന്നത്. അതിനാൽ യാത്രക്കാർ ആർടിഎയുടെ ഔദ്യോഗിക പ്ലാറ്റ്ഫോമുകൾ പ്രയോജനപ്പെടുത്തണം. ഇന്റർനെറ്റ് ഓഫ് തിങ്സ് (IoT) സാങ്കേതികവിദ്യയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഈ ഡിജിറ്റൽ സംവിധാനങ്ങൾ വഴി ബസുകളുടെ തത്സമയ വിവരങ്ങളും റൂട്ടുകളും യാത്രക്കാർക്ക് വേഗത്തിൽ അറിയാൻ സാധിക്കും. പൊതുഗതാഗത സംവിധാനം കൂടുതൽ സുഗമവും കാര്യക്ഷമവുമാക്കാനാണ് ആർടിഎ ഇതിലൂടെ ലക്ഷ്യമിടുന്നത്.
സ്റ്റാർട്ടപ്പ് ഫണ്ടിംഗിൽ വിപ്ലവം; ജിസിസിയിൽ വെഞ്ച്വർ കാപ്പിറ്റലിനെ മറികടന്ന് പ്രൈവറ്റ് ഡെറ്റ്
ദുബായ് : ഗൾഫ് മേഖലയിലെ സ്റ്റാർട്ടപ്പ് ഫണ്ടിംഗ് രംഗത്ത് വൻ മാറ്റം രേഖപ്പെടുത്തിക്കൊണ്ട് പ്രൈവറ്റ് ഡെറ്റ് (Private debt) നിക്ഷേപങ്ങളിൽ വൻ വർദ്ധനവ്. സ്ട്രൈഡ് വെഞ്ചേഴ്സ് (Stride Ventures) പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, 2025-ൽ ജിസിസിയിലെ പ്രൈവറ്റ് ഡെറ്റ് നിക്ഷേപം 4.1 ബില്യൺ ഡോളറായി ഉയർന്നു. തൊട്ടുമുമ്പത്തെ വർഷത്തെ 0.5 ബില്യൺ ഡോളറിൽ നിന്നാണ് ഈ എട്ടിരട്ടിയിലധികം വർദ്ധനവ്. ഇതാദ്യമായാണ് ഈ മേഖലയിൽ വെഞ്ച്വർ കാപ്പിറ്റൽ (3.3 ബില്യൺ ഡോളർ) നിക്ഷേപത്തെ പ്രൈവറ്റ് ഡെറ്റ് മറികടക്കുന്നത്. സ്വന്തം കമ്പനിയുടെ ഓഹരികൾ (Equity) വിറ്റഴിക്കാതെ തന്നെ ഫണ്ട് കണ്ടെത്താം എന്നതാണ് സ്റ്റാർട്ടപ്പുകളെ ഇതിലേക്ക് ആകർഷിക്കുന്നത്. ഇതിൽ 3.9 ബില്യൺ ഡോളർ നിക്ഷേപവും ആകർഷിച്ച് സൗദി അറേബ്യയാണ് ഈ രംഗത്ത് മുന്നിൽ. യുഎഇ (211 മില്യൺ ഡോളർ), ബഹ്റൈൻ (22 മില്യൺ ഡോളർ) എന്നിവയാണ് തൊട്ടുപിന്നിൽ. ആകെ നിക്ഷേപത്തിന്റെ 95.5 ശതമാനവും ഫിൻടെക് (Fintech) കമ്പനികളിലാണ് എത്തിയത്. തമാര (2.4 ബില്യൺ ഡോളർ), ലെൻഡോ (740 മില്യൺ ഡോളർ) തുടങ്ങിയ പ്രമുഖ കമ്പനികളുടെ വൻ ഫണ്ടിംഗ് ഇതിന് ഉദാഹരണമാണ്.
സാമ്പത്തിക വിവരങ്ങൾ ആഗോള നിലവാരത്തിലേക്ക് ഉയർത്താൻ യുഎഇ; ഐഎംഎഫുമായി സഹകരണം
ദുബായ് : രാജ്യത്തെ സർക്കാർ സാമ്പത്തിക വിവരങ്ങളും പൊതുമേഖലാ കടബാധ്യതയുമായി ബന്ധപ്പെട്ട ഡാറ്റയും അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിക്കാൻ അന്താരാഷ്ട്ര നാണയ നിധിയുമായി (IMF) കൈകോർത്ത് യുഎഇ ധനകാര്യ മന്ത്രാലയം. ഇതിന്റെ ഭാഗമായി ഐഎംഎഫിലെ സാങ്കേതിക വിദഗ്ദ്ധരെ പങ്കെണ്ണിച്ചുകൊണ്ട് ദുബായിൽ പ്രത്യേക ശില്പശാല സംഘടിപ്പിച്ചു. ‘ഗവൺമെന്റ് ഫിനാൻസ് സ്റ്റാറ്റിസ്റ്റിക്സ് മാനുവൽ 2014’ അടിസ്ഥാനമാക്കിയുള്ള സുതാര്യത ഉറപ്പാക്കൽ, സാമ്പത്തിക ആസൂത്രണം മെച്ചപ്പെടുത്തൽ, ഡാറ്റാ കൈമാറ്റം കൂടുതൽ കാര്യക്ഷമമാക്കൽ എന്നിവയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കൃത്യവും വിശ്വസനീയവുമായ വിവരങ്ങൾ ലഭ്യമാക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്കും ആഗോളതലത്തിലുള്ള മത്സരശേഷി വർദ്ധിപ്പിക്കുന്നതിനും അത്യന്താപേക്ഷിതമാണെന്ന് ധനകാര്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി സയീദ് റാഷിദ് അൽ യതീം വ്യക്തമാക്കി.
നവി മുംബൈയിൽ നിന്ന് അബുദാബിയിലേക്ക് നേരിട്ട് വിമാന സർവീസുമായി എയർ ഇന്ത്യ എക്സ്പ്രസ്
ദുബായ് : മഹാരാഷ്ട്രയിലെ ഏറ്റവും പുതിയ വിമാനത്താവളമായ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിൽ നിന്നുള്ള ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്സ്പ്രസ്. ജൂലൈ 15 മുതൽ നവി മുംബൈയിൽ നിന്നും യുഎഇ തലസ്ഥാനമായ അബുദാബിയിലേക്ക് വിമാനം നേരിട്ട് സർവീസ് നടത്തും. തുടക്കത്തിൽ ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ രണ്ട് സർവീസുകളാകും ഉണ്ടാവുക. പിന്നീട് ജൂലൈ 29 മുതൽ ഞായറാഴ്ചകളിലെ സർവീസ് കൂടി ഉൾപ്പെടുത്തി ഇത് ആഴ്ചയിൽ മൂന്നായി ഉയർത്തും. മുംബൈ മെട്രോപൊളിറ്റൻ മേഖലയിലുള്ളവർക്കും യുഎഇയിലെ പ്രവാസി മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സമൂഹത്തിനും നാട്ടിലേക്ക് യാത്ര ചെയ്യാൻ ഈ പുതിയ റൂട്ട് കൂടുതൽ എളുപ്പവഴിയൊരുക്കും. പുതിയ സർവീസ് ആരംഭിക്കുന്നതോടെ നവി മുംബൈയിൽ നിന്ന് അബുദാബി, ബെംഗളൂരു, ഡൽഹി എന്നിവിടങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസിന് ആകെ 30 പ്രതിവാര സർവീസുകളാകും ഉണ്ടാകുക.
അബുദാബി : യുഎഇ ഊർജ-അടിസ്ഥാനസൗകര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ രണ്ടാമത് ‘ഫോർബ്സ് മിഡിൽ ഈസ്റ്റ് ബിൽഡിംഗ് ദി ഫ്യൂച്ചർ സമ്മിറ്റ് 2026’ ജൂൺ 23, 24 തീയതികളിൽ അബുദാബിയിൽ നടക്കും. ‘വൺ ഡെവലപ്മെന്റുമായി’ പങ്കാളിത്തത്തിൽ സംഘടിപ്പിക്കുന്ന ഉച്ചകോടിയിൽ മൂവായിരത്തോളം ബിസിനസ് പ്രമുഖരും വിദഗ്ദ്ധരും പങ്കെടുക്കും. സ്മാർട്ട് സിറ്റികൾ, സുസ്ഥിര നഗരാസൂത്രണം, നിർമ്മിത ബുദ്ധി (AI) എന്നിവയാണ് പ്രധാന ചർച്ചാവിഷയങ്ങൾ. നിലവിൽ 200 ബില്യൺ ദിർഹത്തിലധികം മൂല്യമുള്ള 600-ലേറെ അടിസ്ഥാനസൗകര്യ പ്രോജക്ടുകളാണ് അബുദാബിയിലുള്ളത്. ഇതിന് പുറമെ 2026-2027 വർഷങ്ങളിലായി നടപ്പിലാക്കാൻ പോകുന്ന 24 പുതിയ പദ്ധതികൾക്കായി പിപിപി (PPP) മാതൃകയിൽ 55 ബില്യൺ ദിർഹത്തിന്റെ വൻ നിക്ഷേപ പദ്ധതിയും അബുദാബി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 35 ബില്യൺ ദിർഹം റോഡ്-ഗതാഗത വികസനത്തിനും, 11 ബില്യൺ ദിർഹം കാലാവസ്ഥാ വ്യതിയാനങ്ങളെ പ്രതിരോധിക്കാനുള്ള ജലസംരക്ഷണ പദ്ധതികൾക്കും, 9 ബില്യൺ ദിർഹം സ്കൂളുകളും ആശുപത്രികളും ഉൾപ്പെടുന്ന സാമൂഹിക വികസനത്തിനുമാണ് വിനിയോഗിക്കുക.
ദുബായ് : കഴിഞ്ഞ ആഴ്ചയിലെ ഇടിവിന് ശേഷം യുഎഇയിൽ ഇന്ന് (തിങ്കളാഴ്ച) സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. വിപണി തുറന്നപ്പോൾ 24 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 3.75 ദിർഹം വർദ്ധിച്ച് 503.75 ദിർഹമായി ഉയർന്നു. കഴിഞ്ഞ വെള്ളിയാഴ്ച വിപണി അടയ്ക്കുമ്പോൾ ഇത് 500 ദിർഹമായിരുന്നു. 22 കാരറ്റ് സ്വർണ്ണത്തിന് 6.5 ദിർഹം വർദ്ധിച്ച് ഗ്രാമിന് 466.50 ദിർഹത്തിലും, 21 കാരറ്റ് 447.25 ദിർഹത്തിലും, 18 കാരറ്റ് ഗ്രാമിന് 299 ദിർഹത്തിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അമേരിക്കൻ ഫെഡറൽ റിസർവിന്റെ സാമ്പത്തിക നയങ്ങളും യുഎസ് ഡോളറിന്റെ കരുത്തുമാണ് കഴിഞ്ഞ ആഴ്ച വില കുറയാൻ കാരണമായിരുന്നത്. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ 60 ദിവസത്തിനകം സമാധാന കരാറിലെത്താനുള്ള ചർച്ചകളുടെ റോഡ്മാപ്പിന് ധാരണയായിട്ടുണ്ടെങ്കിലും, നിക്ഷേപകർ വരാനിരിക്കുന്ന യുഎസ് സാമ്പത്തിക ഡാറ്റകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വിപണി വിദഗ്ദ്ധർ വിലയിരുത്തുന്നു. ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില ഔൺസിന് 4,196.28 ഡോളറായി ഉയർന്നിട്ടുണ്ട്.
പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിനും ആഘോഷങ്ങൾക്കും ചട്ടങ്ങൾ രൂപീകരിക്കാൻ ദുബായ്
ദുബായ് : ലോകത്തിലെ ഏറ്റവും സിവിലൈസ്ഡ് (Civilised) നഗരമായി ദുബായെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെ പൊതുസ്ഥലങ്ങളിലെ പെരുമാറ്റത്തിനും ആഘോഷങ്ങൾക്കും ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കാൻ ദുബായ് ഭരണകൂടം ഒരുങ്ങുന്നു. ഈ ആഴ്ച ചേർന്ന ‘ദുബായ് സിവിലിറ്റി കമ്മിറ്റി’യുടെ (Dubai Civility Committee) അഞ്ചാമത് യോഗത്തിലാണ് രണ്ട് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ചത്. പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ചുള്ള ‘ദുബായ് സിവിലിറ്റി ഗൈഡ്ബുക്ക്’, വിവിധ ആഘോഷങ്ങളിൽ പുലർത്തേണ്ട ഉത്തരവാദിത്തങ്ങളെക്കുറിച്ചുള്ള ‘ആഘോഷങ്ങൾക്കായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ’ എന്നിവയാണ് പുതുതായി തയ്യാറാക്കുന്നത്. എക്സിക്യൂട്ടീവ് ഓഫീസ് ചെയർമാനും സിവിലിറ്റി കമ്മിറ്റി തലവനുമായ മുഹമ്മദ് അബ്ദുള്ള അൽ ഗർഗാവി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കേവലം അടിസ്ഥാന സൗകര്യങ്ങൾ മാത്രമല്ല, നഗരത്തിന്റെ മനോഹാരിതയും പോസിറ്റീവായ പൊതുപെരുമാറ്റവും ഉറപ്പാക്കി ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. നഗരത്തിന്റെ ദൃശ്യഭംഗി വർദ്ധിപ്പിക്കുന്നതിനായി സംയോജിത ലൈറ്റിംഗ് തന്ത്രവും യോഗത്തിൽ ചർച്ച ചെയ്തു.
ദുബായ് : പ്രമുഖ അന്താരാഷ്ട്ര ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസിയായ ‘ബ്രാൻഡ് ഫിനാൻസ്’ (Brand Finance) പുറത്തുവിട്ട ആഗോള നഗരങ്ങളുടെ പട്ടികയിൽ ഒന്നാം നിരയിലേക്ക് ഉയർന്ന് ദുബായ്. ഒരു ട്രില്യൺ ദിർഹത്തോട് (Dh1 trillion) അടുത്ത ബ്രാൻഡ് മൂല്യവുമായി ലോകത്തെ ഏറ്റവും ശക്തമായ അഞ്ച് നഗരങ്ങളുടെ പട്ടികയിലാണ് ദുബായ് ഇടംപിടിച്ചത്. ദുബായുടെ ഈ ചരിത്ര നേട്ടത്തിന് പിന്നിൽ ‘ഡിജിറ്റൽ ദുബായ്’ നിർണ്ണായക പങ്ക് വഹിച്ചതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ദുബായുടെ ആകെ ബ്രാൻഡ് മൂല്യത്തിൽ ഏകദേശം 31 ബില്യൺ ദിർഹത്തിന്റെ സംഭാവന ഡിജിറ്റൽ ദുബായിലൂടെയാണ് ലഭ്യമായത്. കൂടാതെ ആഗോള ഡിജിറ്റൽ ഗവൺമെന്റ് സ്ഥാപനങ്ങളുടെ പട്ടികയിൽ മികച്ച റേറ്റിംഗായ AA+ ഡിജിറ്റൽ ദുബായ് സ്വന്തമാക്കി. ആഗോള സിറ്റി ബ്രാൻഡ് ഇൻഡക്സിൽ ദുബായിയെ ഏഴാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് ഉയർത്താൻ ഡിജിറ്റൽ ദുബായുടെ വിപ്ലവകരമായ സ്മാർട്ട് സേവനങ്ങൾ സഹായിച്ചതായി ഡിജിറ്റൽ ദുബായ് ഡയറക്ടർ ജനറൽ ഹമദ് ഉബൈദ് അൽ മൻസൂരി ഉൾപ്പെടെയുള്ള പ്രമുഖർ ചൂണ്ടിക്കാട്ടി.