ദുബായ് : കടൽ മാർഗ്ഗമുള്ള വിനോദസഞ്ചാരവും യാത്രാസൗകര്യങ്ങളും കൂടുതൽ മെച്ചപ്പെടുത്തുന്നതിനായി പുതിയ ‘ദുബായ് സീ ഗസ്റ്റ് പിക്ക് അപ്പ് ആൻഡ് ഡ്രോപ്പ്’ (Dubai Sea Guests Pick-Up and Drop-Off) പദ്ധതി പ്രഖ്യാപിച്ച് പോർട്ട്സ്, കസ്റ്റംസ് ആൻഡ് ഫ്രീ സോൺ കോർപ്പറേഷൻ. ദുബായ് മാരിടൈം അതോറിറ്റിയുടെ കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ബോട്ടുകളിലെയും വിദേശ ലക്ഷ്വറി ബോട്ടുകളിലെയും (Yachts) യാത്രക്കാർക്ക് വിവിധ കടൽത്തീരങ്ങൾക്കിടയിൽ സുഗമമായി യാത്ര ചെയ്യാൻ ഈ സേവനം സഹായിക്കും.
പോർട്ട് റാഷിദ്, ജുമൈറ 1, ദുബായ് ഹാർബർ, ജെഎ ഹോട്ടൽ മറീനകൾ വഴി ഈ സേവനം 24 മണിക്കൂറും ലഭ്യമാകും. നിലവിൽ അതോറിറ്റിക്ക് കീഴിൽ 3,491 സ്വകാര്യ ബോട്ടുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുകൂടാതെ ലക്ഷ്വറി ബോട്ടുകൾക്കായി 4,214 ബർത്തുകളുള്ള 20 മറീനകളും ദുബായിലുണ്ട്. സന്ദർശകർക്ക് കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുന്നതിലൂടെ ആഗോള മറൈൻ ടൂറിസം രംഗത്ത് ദുബായുടെ സ്ഥാനം കൂടുതൽ ശക്തമാക്കാൻ ഈ പദ്ധതിക്ക് സാധിക്കുമെന്ന് മാരിടൈം എക്സലൻസ് ഡയറക്ടർ മുഹമ്മദ് നഭാൻ വ്യക്തമാക്കി.
Raneesha Razak
അൽ ഐൻ : നെഞ്ചിലും വയറ്റിലും ബാധിച്ച ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കഷ്ടപ്പെട്ടിരുന്ന 60 വയസ്സുള്ള രോഗിക്ക് വിജയകരമായി സങ്കീർണ്ണ മൾട്ടി-സ്റ്റേജ് ശസ്ത്രക്രിയ പൂർത്തിയാക്കി അൽ ഐനിലെ ശൈഖ് തഹ്നൂൻ ബിൻ മുഹമ്മദ് മെഡിക്കൽ സിറ്റി (STMC) ഡോക്ടർമാർ. ഗ്യാസ്ട്രോഇന്റസ്റ്റൈനൽ സർജന്മാർ, തൊറാസിക് വിദഗ്ധർ, തീവ്രപരിചരണ വിഭാഗം, ഇന്റർവെൻഷണൽ റേഡിയോളജി ടീമുകൾ എന്നിവരുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് അത്യാധുനിക ലാപ്രോസ്കോപ്പിക്, തൊറാസിക് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയത്.
വർഷങ്ങളായി രോഗിയുടെ ശ്വസനപ്രക്രിയയെയും ശാരീരിക ചലനങ്ങളെയും ബാധിച്ച സങ്കീർണ്ണമായ ആന്തരിക തകരാറുകളാണ് ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പരിഹരിച്ചത്. ആദ്യഘട്ടത്തിൽ വയറ്റിലെ ആന്തരിക തകരാറുകൾ പരിഹരിച്ച് അവയവങ്ങളെ അവയുടെ സ്വാഭാവിക സ്ഥാനത്തേക്ക് മാറ്റുകയും, രണ്ടാം ഘട്ടത്തിൽ ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്താനുള്ള തൊറാസിക് സർജറിയും നടത്തി. പ്യുവർ ഹെൽത്തിന്റെ (PureHealth) കീഴിലുള്ള യുഎഇയിലെ ഏറ്റവും വലിയ ഹെൽത്ത് കെയർ നെറ്റ്വർക്കായ ‘സെഹ’ (SEHA) ആണ് ഈ നേട്ടം പുറത്തുവിട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം തീവ്രപരിചരണവും ഫിസിയോതെറാപ്പിയും പൂർത്തിയാക്കിയ രോഗി പൂർണ്ണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചെത്തി.
യുഎഇയിൽ ചൂട് 46 ഡിഗ്രിയിലെത്തും; ചില പ്രദേശങ്ങളിൽ മഴയ്ക്കും കാറ്റിനും സാധ്യത
ദുബായ് : രാജ്യത്ത് താപനില ഉയർന്ന തോതിൽ തുടരുമ്പോഴും ഫുജൈറ ഉൾപ്പെടെയുള്ള യുഎഇയുടെ കിഴക്കൻ മേഖലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം (NCM). ഉച്ചയ്ക്ക് ശേഷം രാജ്യത്തിന്റെ ഉൾപ്രദേശങ്ങളിലേക്കും മഴ വ്യാപിച്ചേക്കാം. അബുദാബിയിലും ഷാർജയിലും 44 ഡിഗ്രിയും ദുബായിൽ 45 ഡിഗ്രിയുമായിരിക്കും ഇന്നത്തെ കൂടിയ താപനില. അൽ ഐൻ, ലിവ എന്നിവിടങ്ങളിൽ ചൂട് 46 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. മഴ കാരണം ഫുജൈറയിലാണ് ഇന്ന് ഏറ്റവും കുറഞ്ഞ താപനില (38 ഡിഗ്രി സെൽഷ്യസ്) രേഖപ്പെടുത്തുക.
തീരദേശങ്ങളിൽ ശക്തമായ കാറ്റിനും അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും സാധ്യതയുള്ളതിനാൽ റോഡുകളിൽ കാഴ്ചപരിധി കുറഞ്ഞേക്കാം. തുറസ്സായ സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം നിർദ്ദേശിച്ചു. ഒമാൻ കടലിനെ അപേക്ഷിച്ച് അറേബ്യൻ ഗൾഫ് ഇന്ന് പൊതുവെ ശാന്തമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ പ്രതിനിധികളെ സ്വീകരിച്ച് യുഎഇ പ്രസിഡന്റ്
യുഎഇ : അബുദാബിയിൽ നടന്ന അഞ്ചാമത് ‘മേയ്ക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്സ്’ (Make it in the Emirates) ഫോറത്തിന്റെ പ്രതിനിധി സംഘത്തെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. ദേശീയ വ്യവസായ മേഖലയെ ശക്തിപ്പെടുത്തുന്നതിലും പുതിയ വ്യവസായ പങ്കാളിത്തങ്ങൾ വളർത്തുന്നതിലും ഈ കൂട്ടായ്മ വഹിക്കുന്ന പങ്കിനെ അദ്ദേഹം അഭിനന്ദിച്ചു. തദ്ദേശീയ ഉത്പന്നങ്ങളെ പ്രോത്സാഹിപ്പിക്കുക, തന്ത്രപ്രധാന വ്യവസായങ്ങൾ പ്രാദേശികവത്കരിക്കുക, സ്വദേശി പ്രതിഭകളെ വളർത്തിയെടുക്കുക എന്നിവയിലൂടെ വ്യവസായ മേഖലയെ വികസിപ്പിക്കുന്നത് യുഎഇയുടെ ഭാവി ദർശനങ്ങളുടെ പ്രധാന തൂണാണെന്ന് പ്രസിഡന്റ് ചടങ്ങിൽ അടിവരയിട്ടു പറഞ്ഞു.
ഷാർജ : ഷാർജയിലെ പോലീസ്, സിവിൽ ഡിഫൻസ്, പോലീസ് അക്കാദമി എന്നിവിടങ്ങളിലെ 1,519 സുരക്ഷാ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം അനുവദിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. ഇതിൽ എട്ട് മുതിർന്ന ഉദ്യോഗസ്ഥരെ മേജർ ജനറൽ പദവിയിലേക്ക് ഉയർത്തിയിട്ടുണ്ട്. കൂടാതെ, ഉദ്യോഗസ്ഥരുടെ വിദ്യഭ്യാസ യോഗ്യതയ്ക്ക് അനുസൃതമായി സൈനിക റാങ്ക് ഘടനയിലും, സൈബർ കുറ്റകൃത്യങ്ങൾ തടയൽ, എയർപോർട്ട്-തീരദേശ സുരക്ഷ എന്നിവ ശക്തിപ്പെടുത്തുന്നതിനായി സംഘടനാ ഘടനയിലും ഭരണാധികാരി സുപ്രധാന ഭേദഗതികൾ വരുത്തി.
അബുദാബി : ഖത്തറിലെ റാസ് ലഫാൻ വ്യാവസായിക മേഖലയിലുണ്ടായ ഫാക്ടറി അപകടത്തിൽ മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും അനുശോചനം രേഖപ്പെടുത്തി യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങളും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ ഥാനിക്ക് അയച്ച പ്രത്യേക സന്ദേശങ്ങളിലൂടെയാണ് ഷാർജ, അജ്മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ ഭരണാധികാരികളും അവരുടെ കിരീടാവകാശികളും ദുഃഖം രേഖപ്പെടുത്തിയത്. അപകടത്തിൽ പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ഭരണാധികാരികൾ ആശംസിച്ചു.
ഷാർജ : ബുധനാഴ്ച രാവിലെ ഷാർജയിൽ നിന്നും ദുബായിലേക്ക് പോകുന്ന പ്രധാന ഹൈവേകളിൽ കനത്ത ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. എമിറേറ്റ്സ് റോഡ്, ഷെഖ് മുഹമ്മദ് ബിൻ സായിദ് (SMBZ) റോഡ്, അൽ ഇത്തിഹാദ് റോഡ് എന്നിവിടങ്ങളിലാണ് യാത്രക്കാർ വലിയ താമസം നേരിട്ടത്. വേനൽക്കാലത്ത് കനത്ത ചൂട് കാരണം വാഹനം വഴിയിൽ കേടാകുന്നത് ഒഴിവാക്കാൻ, ദീർഘദൂര യാത്രയ്ക്ക് മുൻപ് വാഹനം കൃത്യമായി പരിശോധിക്കണമെന്ന് ദുബായ് പോലീസ് ഡ്രൈവർമാർക്ക് നിർദ്ദേശം നൽകി.
ആന്തരിക രക്തസ്രാവം മിനിറ്റുകൾക്കകം കണ്ടെത്താൻ പുത്തൻ ക്യാപ്സൂൾ വിദ്യയുമായി അബുദാബിയിലെ ഡോക്ടർമാർ
അബുദാബി : വയറ്റിലെ ആന്തരിക രക്തസ്രാവം മിനിറ്റുകൾക്കകം കണ്ടെത്താൻ സഹായിക്കുന്ന അത്യാധുനിക ‘വിഴുങ്ങാവുന്ന ക്യാപ്സൂൾ’ (PillSense) വിജയകരമായി പരീക്ഷിച്ച് അബുദാബിയിലെ ശൈഖ് ശഖ്ബൂത് മെഡിക്കൽ സിറ്റി (SSMC). ദഹനവ്യവസ്ഥയുടെ മുകൾഭാഗത്തുണ്ടാകുന്ന രക്തസ്രാവം തിരിച്ചറിയാൻ സാധാരണയായി മണിക്കൂറുകൾ നീളുന്ന എൻഡോസ്കോപ്പി പരിശോധനകൾക്ക് പകരം വെറും 10 മിനിറ്റിൽ താഴെ സമയം കൊണ്ട് കൃത്യമായ ഫലം നൽകാൻ ഈ ഉപകരണത്തിന് സാധിക്കും. അയർലൻഡ് ആസ്ഥാനമായുള്ള എന്ററാസെൻസ് (EnteraSense) എന്ന കമ്പനി വികസിപ്പിച്ച ഈ ക്യാപ്സൂളിന് യുഎസ് എഫ്ഡിഎയുടെ (FDA) അംഗീകാരമുണ്ട്.
രക്തം ഛർദ്ദിക്കുക, കറുത്ത നിറത്തിൽ മലം പോവുക, രക്തസമ്മർദ്ദം കുറഞ്ഞ് തലകറക്കം അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുമായി എമർജൻസി വിഭാഗത്തിൽ എത്തുന്ന രോഗികളിലാണ് ഈ ക്യാപ്സൂൾ നിലവിൽ ഉപയോഗിക്കുന്നത്. രോഗി വിഴുങ്ങുന്ന ഈ ചെറിയ ക്യാപ്സൂൾ വയറ്റിലെത്തി പ്രകാശ തരംഗങ്ങൾ (Light absorption technology) ഉപയോഗിച്ച് രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തുകയും വയർലെസ് സംവിധാനത്തിലൂടെ പുറത്തുള്ള റിസീവറിലേക്ക് വിവരങ്ങൾ കൈമാറുകയും ചെയ്യും. എസ്എസ്എംസിയിൽ നടത്തിയ പ്രാഥമിക പരിശോധനകളിൽ 86 ശതമാനം രോഗികൾക്കും അടിയന്തര എൻഡോസ്കോപ്പി പോലുള്ള സങ്കീർണ്ണമായ പ്രക്രിയകൾ ഒഴിവാക്കാൻ ഇത് സഹായിച്ചതായി ഗ്യാസ്ട്രോഎൻട്രോളജി കൺസൾട്ടന്റ് ഡോ. മുസ്തഫ അഹമ്മദ് ഷെഹാത്ത പറഞ്ഞു. രോഗികൾക്ക് വലിയ ആശ്വാസം നൽകുന്ന ഈ പുതിയ സാങ്കേതികവിദ്യ വരും ദിവസങ്ങളിൽ അബുദാബിയിലുടനീളമുള്ള ആശുപത്രികളിലേക്ക് വ്യാപിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
യുഎഇ : യൂറോപ്പിലെ ഏറ്റവും വലിയ പ്രതിരോധ പ്രദർശനമായ ‘യൂറോസാറ്ററി 2026’-ൽ വലിയ നേട്ടങ്ങളുമായി യുഎഇയുടെ പ്രതിരോധ ഗ്രൂപ്പായ ‘എഡ്ജ്’ (EDGE). ഇറ്റാലിയൻ കമ്പനിയായ ലിയോനാർഡോയുമായി ചേർന്ന് അടുത്ത 5 വർഷത്തിനുള്ളിൽ 4 ബില്യൺ യൂറോയുടെ ഓർഡറുകൾ ലക്ഷ്യമിട്ടുള്ള സംയുക്ത സംരംഭം ഉൾപ്പെടെ ഒൻപത് തന്ത്രപ്രധാന കരാറുകളിലാണ് യുഎഇ ഒപ്പുവെച്ചത്. പാരിസിൽ പുതിയ യൂറോപ്യൻ ആസ്ഥാനം തുറന്ന കമ്പനി, പ്രതിരോധ മേഖലയ്ക്കായുള്ള മൂന്ന് എഐ (AI) സ്റ്റാർട്ടപ്പുകളും മേളയിൽ ആദ്യമായി അവതരിപ്പിച്ചു. കേവലം ആയുധങ്ങൾ വാങ്ങുന്ന രാജ്യം എന്ന നിലയിൽ നിന്നും ആഗോളതലത്തിൽ ഒരു പ്രധാന ഉത്പാദന പങ്കാളിയായി യുഎഇ മാറുന്നതിന്റെ വ്യക്തമായ സൂചനയാണ് ഈ പങ്കാളിത്തം.
ദുബായ് : യുഎഇയിൽ സ്വന്തമായി ബിസിനസ്സ് ആരംഭിക്കാനും വളർത്താനും ആഗ്രഹിക്കുന്ന വനിതാ സംരംഭകർക്ക് വൻ ആനുകൂല്യങ്ങളുമായി പ്രമുഖ ബാങ്കായ റാക്ബാങ്ക് (RAKBANK). ബാങ്കിന്റെ ‘ഷീ മീൻസ് ബിസിനസ്സ്’ (She Means Business) എന്ന പുതിയ പദ്ധതിയിലൂടെ വനിതകൾ നയിക്കുന്ന കമ്പനികൾക്ക് ഒരു വർഷത്തേക്ക് (12 മാസം) അക്കൗണ്ട് മെയിന്റനൻസ് ഫീസ് പൂർണ്ണമായും ഒഴിവാക്കി നൽകും. 2026 ഡിസംബർ 10-ന് മുൻപായി ബിസിനസ്സ് അക്കൗണ്ട് തുറന്ന് സജീവമാക്കുന്ന വനിതാ സംരംഭകർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
തുടക്കക്കാർക്കായി മിനിമം ബാലൻസ് ആവശ്യമില്ലാത്ത സീറോ ബാലൻസ് ബിസിനസ്സ് അക്കൗണ്ടാണ് ബാങ്ക് വാഗ്ദാനം ചെയ്യുന്നത്. ഇസ്ലാമിക്, കൺവെൻഷണൽ രീതികളിൽ ലഭ്യമാകുന്ന ഈ മൾട്ടി-കറൻസി അക്കൗണ്ട് വഴി യുഎഇ ദിർഹം, യുഎസ് ഡോളർ, ജിബിപി, യൂറോ എന്നീ കറൻസികളിൽ ഇടപാടുകൾ നടത്താം. ഡിജിറ്റൽ സംവിധാനത്തിലൂടെ വെറും 4 മുതൽ 48 മണിക്കൂറിനുള്ളിൽ അക്കൗണ്ട് തുറക്കാൻ സാധിക്കും. കൂടാതെ, അക്കൗണ്ടിലെ തുകയ്ക്ക് 2 ശതമാനം വരെ പലിശ നിരക്കും, സൌജന്യ ഡെബിറ്റ് കാർഡും ചെക്ക് ബുക്കും ലഭിക്കും. പ്രതിമാസം 4 അന്താരാഷ്ട്ര പണമിടപാടുകൾ സൌജന്യമായി ചെയ്യാമെന്നതും എടുത്തുപറയേണ്ട പ്രത്യേകതയാണ്.
ഇടപാടുകൾക്ക് പുറമെ ഒരു മില്യൺ ദിർഹം വരെയുള്ള ഇൻഷുറൻസ് പരിരക്ഷയും, ജീവനക്കാരുടെ ശമ്പള വിതരണത്തിനുള്ള സോഫ്റ്റ്വെയർ സൗകര്യങ്ങളും ബാങ്ക് ഒരുക്കുന്നുണ്ട്. മിഡിൽ ഈസ്റ്റിലെ വനിതാ കൂട്ടായ്മയായ ‘ക്രഞ്ച്മോംസ്’ (CrunchMoms) എന്ന നെറ്റ്വർക്കുമായി സഹകരിച്ച് ബിസിനസ്സ് പരിശീലനങ്ങളും അംഗത്വ ഫീസിൽ 1500 ദിർഹത്തിന്റെ ഇളവും ബാങ്ക് വനിതകൾക്കായി നൽകുന്നുണ്ട്. എഐ (AI), ലീഡർഷിപ്പ്, മാർക്കറ്റിംഗ്, ക്യാഷ് ഫ്ലോ മാനേജ്മെന്റ് തുടങ്ങിയ മേഖലകളിൽ ഇവർക്ക് പ്രത്യേക പരിശീലനവും ലഭിക്കും. പുതിയ കമ്പനികളുടെ പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനാണ് ബാങ്ക് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.