അബുദാബി : അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിൽ (ADNEC) നടക്കുന്ന അഞ്ചാമത് ‘മേക്ക് ഇൻ ദി എമിറേറ്റ്സ് 2026’ പ്രദർശനം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സന്ദർശിച്ചു. രാജ്യത്തെ വ്യവസായ മേഖലയുടെ വളർച്ചയും നൂതന സാങ്കേതികവിദ്യകളും നേരിട്ട് വിലയിരുത്തുന്നതിനായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം.
പ്രദർശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുള്ള അത്യാധുനിക സാങ്കേതികവിദ്യകളും ഉൽപ്പന്നങ്ങളും അദ്ദേഹം നിരീക്ഷിച്ചു. പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നതിനും ഉൽപ്പാദനക്ഷമതയും സുസ്ഥിരതയും ഉറപ്പാക്കുന്നതിനുമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അദ്ദേഹം ചോദിച്ചറിഞ്ഞു. പ്രാദേശിക ഉൽപ്പാദന വ്യവസ്ഥയെ ശക്തിപ്പെടുത്താൻ സാങ്കേതികവിദ്യ എങ്ങനെ പ്രയോജനപ്പെടുത്തുന്നു എന്നതിനെക്കുറിച്ചും സംഘാടകർ അദ്ദേഹത്തോട് വിശദീകരിച്ചു.
ദേശീയ സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിൽ വ്യവസായ മേഖലയ്ക്കാണ് പ്രധാന പങ്കുള്ളത്. ഈ മേഖലയുടെ വളർച്ച രാജ്യത്തിന്റെ മുൻഗണനയാണ്. സ്വദേശി പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം ഭാവി വ്യവസായങ്ങളിൽ നിക്ഷേപം വർദ്ധിപ്പിക്കാനും അനുയോജ്യമായ സാഹചര്യം ഒരുക്കുകയാണ് യുഎഇയുടെ ലക്ഷ്യം.