ദുബായ്: അഞ്ചു പതിറ്റാണ്ടിലേറെയായി വിവിധ ജനവിഭാഗങ്ങളുടെ ആത്മീയതയും ജീവിതരീതികളും ഫോട്ടോഗ്രാഫിയിലൂടെ രേഖപ്പെടുത്തിയ പ്രശസ്ത ജാപ്പനീസ് ഫോട്ടോഗ്രാഫർ കസുവോഷി നൊമാച്ചിക്ക് (Kazuyoshi Nomachi) ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്താരാഷ്ട്ര ഫോട്ടോഗ്രാഫി അവാർഡിന്റെ (HIPA) 15-ാമത് സീസണിലെ ലൈഫ് ടൈം ഓണററി അവാർഡ് പ്രഖ്യാപിച്ചു. ‘കുടുംബം’ (The Family) എന്ന പ്രമേയത്തിലായിരുന്നു ഇത്തവണത്തെ പുരസ്കാരങ്ങൾ നൽകിയത്.
കഠിനമായ കാലാവസ്ഥയുള്ള വിദൂര മേഖലകളിൽ ജീവിക്കുന്ന ജനങ്ങളെയും അവരുടെ പരമ്പരാഗത ആചാരങ്ങളെയും കുറിച്ചുള്ള ഫോട്ടോഗ്രാഫിക് രേഖപ്പെടുത്തലുകൾ മുൻനിർത്തിയാണ് പുരസ്കാരം. സഹാറ, നൈൽ, ടിബറ്റ്, ‘മെക്ക ദ ബ്ലെസ്ഡ്, മദീന ദ റേഡിയന്റ്’ എന്നിവയുൾപ്പെടെ മൂന്ന് ഭൂഖണ്ഡങ്ങളിലൂടെയുള്ള യാത്രകളെ ആസ്പദമാക്കി 15 പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയനായ ഒരു പ്രതിഭയെ ആദരിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും കലയെയും സാംസ്കാരിക സർഗ്ഗാത്മകതയെയും പ്രോത്സാഹിപ്പിക്കുന്ന അവാർഡ് രക്ഷാധികാരി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് അൽ മക്തൂമിന്റെ കാഴ്ചപ്പാടാണ് ഇതിന് പിന്നിലെന്നും ഹിപ്പ സെക്രട്ടറി ജനറൽ അലി ഖലീഫ ബിൻ താലിത് വ്യക്തമാക്കി.
7