ദുബായ് : സുസ്ഥിരതയും അടിസ്ഥാന സൗകര്യങ്ങളും വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 2040-ഓടെ ദുബായിൽ 35 ലക്ഷം മരങ്ങൾ വെച്ചുപിടിപ്പിക്കുമെന്നും ഹരിത മേഖലകൾ 187 ചതുരശ്ര കിലോമീറ്ററായി വികസിപ്പിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ ബിൻ ഗലീത്ത പ്രഖ്യാപിച്ചു. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന ‘മുഹമ്മദ് ബിൻ റാഷിദ് ലീഡേഴ്‌സ് ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മിത ബുദ്ധി (AI), 3D പ്രിന്റിംഗ്, ഡിജിറ്റൽ ട്വിൻ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ നഗരവികസനത്തിനായി വൻതോതിൽ ഉപയോഗപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നിർമ്മാണ മേഖലയിലെ 40 ശതമാനം കെട്ടിടങ്ങളും 3D പ്രിന്റിംഗ്, റോബോട്ടിക് സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. മാലിന്യ സംസ്കരണത്തിൽ 100 ശതമാനം മാറ്റം കൈവരിക്കാൻ ദുബായിക്ക് സാധിച്ചിട്ടുണ്ട്. ദുബായിലെ പാർക്കുകളിലും വിനോദ കേന്ദ്രങ്ങളിലുമായി പ്രതിവർഷം 9.5 കോടി (95 ദശലക്ഷം) സന്ദർശകരാണ് എത്തുന്നത്. ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതോടൊപ്പം, കനത്ത മഴയെയോ മറ്റ് കാലാവസ്ഥാ വ്യതിയാനങ്ങളെയോ നേരിടാൻ പ്രാപ്തമായ ഓവുചാൽ ഡ്രെയിനേജ് ശൃംഖലകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പദ്ധതികളും ദുബായ് മുനിസിപ്പാലിറ്റി നടപ്പിലാക്കി വരികയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
5
previous post