ദുബായ് : ഒക്ടോബർ 14-ന് ഷെൻഷെനിൽ (Shenzhen) നടക്കുന്ന ‘ദുബായ് ബിസിനസ് ഫോറം – ചൈന’യിൽ പങ്കെടുക്കാൻ ദുബായ് ചേമ്പേഴ്‌സിന്റെ നേതൃത്വത്തിൽ ഏറ്റവും വലിയ സാമ്പത്തിക പ്രതിനിധി സംഘം ചൈന സന്ദർശിക്കുമെന്ന് ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അറിയിച്ചു. എക്‌സ് (X) പ്ലാറ്റ്‌ഫോമിലൂടെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
1990-ൽ ദുബായിയുടെ ആറാമത്തെ വലിയ വ്യാപാര പങ്കാളിയായിരുന്ന ചൈനയുമായുള്ള എണ്ണയിതര വ്യാപാരം 2.1 ശതകോടി ദിർഹമായിരുന്നു. എന്നാൽ കഴിഞ്ഞ 35 വർഷത്തിനിടെ 172 മടങ്ങ് വർദ്ധനവോടെ 2025-ൽ ഇത് 363.5 ശതകോടി ദിർഹമായി ഉയർന്നു. ഇതോടെ ദുബായിയുടെ ആഗോളതലത്തിലെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ചൈന മാറി. പണ്ടത്തെ പട്ടുനൂൽ പാത (Silk Road) മുതൽ നിർമ്മിത ബുദ്ധി (AI) മേഖല വരെയുള്ള സാങ്കേതിക വിദ്യകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുമെന്നും, വരുംതലമുറകൾക്കായി കൂടുതൽ അവസരങ്ങളും മികച്ച ഭാവിയും സൃഷ്ടിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യമെന്നും ഷെയ്ഖ് ഹംദാൻ വ്യക്തമാക്കി.
4