Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 05:26 PM

അബുദാബിയിലെ മാലിന്യജലത്തിൽ അപൂർവ്വ ഫംഗസ് സാന്നിധ്യം

by Raneesha Razak

അബുദാബി : അബുദാബിയിലെ മാലിന്യജലത്തിൽ (Wastewater) മിക്ക ആന്റി-ഫംഗൽ മരുന്നുകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള അപൂർവ്വ ഇനം ഫംഗസിന്റെ സാന്നിധ്യം കണ്ടെത്തി. അബുദാബി ക്വാളിറ്റി ആൻഡ് കൺഫോർമിറ്റി കൗൺസിലിന് കീഴിലുള്ള ‘റാസിദ്’ (Rasid) വിഭാഗവും പ്രമുഖ ആരോഗ്യ സാങ്കേതിക സ്ഥാപനമായ ‘M42’ ഉം സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ ശാസ്ത്രീയ നേട്ടം. ലോകാരോഗ്യ സംഘടന (WHO) ഏറ്റവും അപകടകാരികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള ‘കാന്റിഡ ഓറിസ്’ (Candida auris) എന്ന ഫംഗസിന്റെ ‘ക്ലേഡ് VI’ (Clade VI) എന്ന ജനിതക വിഭാഗമാണ് ഇത്തരത്തിൽ കണ്ടെത്തുകയും വേർതിരിച്ചെടുക്കുകയും ചെയ്തത്.
മേഖലയിൽ ഇതാദ്യമായാണ് മാലിന്യജല നിരീക്ഷണ സംവിധാനത്തിലൂടെ കാന്റിഡ ഓറിസിന്റെ ക്ലേഡ് VI ജനിതക വിഭാഗം കണ്ടെത്തുന്നത്. ‘നേച്ചർ പോർട്ട്‌ഫോളിയോ’യുടെ ഭാഗമായ ‘കമ്മ്യൂണിക്കേഷൻസ് മെഡിസിൻ’ എന്ന അന്താരാഷ്ട്ര ശാസ്ത്ര മാസികയിൽ ഈ പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 23,000-ത്തിലധികം മാലിന്യജല സാമ്പിളുകൾ വ്യവസ്ഥാപിതമായി പരിശോധിച്ച്, ഹോൾ ജീനോം സീക്വൻസിംഗ് (Whole Genome Sequencing) ഉൾപ്പെടെയുള്ള അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഫംഗസിന്റെ സവിശേഷതകളും പ്രതിരോധ ശേഷിയും സ്ഥിരീകരിച്ചത്. ഭാവിയിൽ ഉണ്ടായേക്കാവുന്ന ആരോഗ്യ ഭീഷണികൾ മുൻകൂട്ടി തിരിച്ചറിയാനും പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഇത്തരം പരിസ്ഥിതി പരിശോധനകൾ സഹായകരമാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി.

You may also like