5
ദുബായ് : ഇന്നത്തെ ദുബായുടെ അടിത്തറ പാകിയ മുൻ ഭരണാധികാരി ശൈഖ് റാഷിദ് ബിൻ സയീദ് അൽ മക്തൂമിന്റെ 36-ാം ചരമവാർഷികം യു.എ.ഇ ആചരിക്കുന്നു. 32 വർഷത്തോളം ദുബായ് ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് 1990 ഒക്ടോബർ 7നാണ് അന്തരിച്ചത്. ഇന്നത്തെപ്പോലെ വലിയ സാമ്പത്തിക ഭദ്രതയോ ആഗോള പ്രശസ്തിയോ ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം ദുബായിയെ നയിച്ചത്. എങ്കിലും ഭാവിയിലെ ആവശ്യങ്ങൾ മുൻകൂട്ടി കണ്ട് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്റെ ശൈലി.
ദുബായ് ക്രീക്ക് ആഴം കൂട്ടിയത്, വിമാനത്താവളം തുറന്നത്, തുറമുഖങ്ങൾ നിർമ്മിച്ചത്, നഗരത്തെ ബന്ധിപ്പിക്കുന്ന റോഡുകൾ തുടങ്ങിയ അദ്ദേഹത്തിന്റെ സംഭാവനകൾ ദുബായിൽ എവിടെയും കാണാൻ സാധിക്കും. ഭാവിയിലേക്കായി കാര്യങ്ങൾ മുൻകൂട്ടി കാണാനുള്ള അദ്ദേഹത്തിന്റെ ദീർഘവീക്ഷണമാണ് ദുബായുടെ വളർച്ചയ്ക്ക് ആധാരമായത്.
ശൈഖ് റാഷിദിന്റെ ചരമവാർഷികത്തോടനുബന്ധിച്ച് അദ്ദേഹത്തിന്റെ മകനും യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പിതാവിനെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പ് പങ്കുവെച്ചിരുന്നു. തന്റെ ‘ആദ്യത്തെ ഗുരുവും’, ‘ആദ്യത്തെ നേതാവും’, ‘ആദ്യത്തെ പ്രചോദനവും’ എന്നാണ് ശൈഖ് മുഹമ്മദ് തന്റെ പിതാവിനെ വിശേഷിപ്പിച്ചത്. യാത്രകളിൽ നമസ്കാരത്തിനായി ഖിബ്ലയുടെ ദിശ കണ്ടെത്താൻ ശൈഖ് റാഷിദ് ചെറിയൊരു കോമ്പസ് കരുതുന്നത് ഓർത്തെടുത്ത ശൈഖ് മുഹമ്മദ്, “നിങ്ങളുടെ കോമ്പസ് ഇപ്പോഴും ഞങ്ങളുടെ കൂടെയുണ്ട്” എന്ന് കുറിക്കുകയും ചെയ്തു. നീതി, ജനങ്ങളോടുള്ള ബഹുമാനം, കച്ചവടക്കാർക്കുള്ള പിന്തുണ, വിഭവങ്ങളുടെ കൃത്യമായ ഉപയോഗം എന്നിവയാണ് അദ്ദേഹം ബാക്കിവെച്ച മൂല്യങ്ങളെന്നും കുറിപ്പിൽ ഓർമ്മിപ്പിക്കുന്നു.