6
ഷാർജ : സൂപ്പർമാർക്കറ്റിൽ വിൽപനയ്ക്ക് വെച്ച ഉൽപ്പന്നത്തിനുള്ളിൽ പ്രാണികളെ കണ്ടത് ദൃശ്യങ്ങളായി പകർന്ന് ബന്ധപ്പെട്ട അധികൃതർക്ക് അയച്ചുകൊടുത്ത ഉപഭോക്താവിനെതിരെ അപകീർത്തി കേസ് ഫയൽ ചെയ്ത സൂപ്പർമാർട്ട് നടപടി തള്ളി യു.എ.ഇ ഫെഡറൽ സുപ്രീം കോടതി. ഉപഭോക്താവ് നൽകിയ അപ്പീലിലാണ് കോടതിയുടെ നിർണായക വിധി. സംശയാസ്പദമായ നിയമലംഘനങ്ങൾ രേഖപ്പെടുത്തി അവ യോഗ്യരായ അധികാരികൾക്ക് സമർപ്പിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി വ്യക്തമാക്കി. എന്നാൽ, ദുരുദ്ദേശ്യത്തോടെയോ മറ്റുള്ളവരുടെ പ്രശസ്തിക്ക് കളങ്കം വരുത്താനോ ഉദ്ദേശിച്ചുള്ളതാണെന്നതിന് തെളിവുണ്ടെങ്കിൽ മാത്രമേ ഇത് കുറ്റമായി കണക്കാക്കൂ എന്നും കോടതി ചൂണ്ടിക്കാണിച്ചു. പൊതുജനക്ഷേമം മുൻനിർത്തി നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സൽപേരിന് നിയമവിരുദ്ധമായി കോട്ടം വരുത്തുന്നതും തമ്മിലുള്ള അതിരുകൾ വ്യക്തമാക്കുന്നതാണ് ഈ കോടതി വിധി.