6
ദുബായ് : പുതിയ 2026-2027 റേസിങ് സീസണിന് തുടക്കമായി. ദുബായ് മേദൻ റേസ്‌കോഴ്‌സിൽ നടന്ന ആദ്യ ട്രയൽ മത്സരത്തിൽ 41 ശുദ്ധരക്തക്കാരായ അറേബ്യൻ കുതിരകൾ മാറ്റുരച്ചതായി യു.എ.ഇ ഹോഴ്സ് റേസിങ് അതോറിറ്റി അറിയിച്ചു. 1,000 മീറ്റർ ദൂരത്തിൽ നടന്ന മത്സരത്തിൽ ആകെ ഏഴ് ഇനങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. ഇതിൽ 37 കുതിരകൾ ആദ്യമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. പുതിയ സീസണിന്റെ തുടക്കം തന്നെ മികച്ച വിജയമാണെന്നും ഇത് കുതിരകളുടെ പരിശീലന നിലവാരം ഉയർത്താൻ സഹായിക്കുമെന്നും യു.എ.ഇ ഹോഴ്സ് റേസിങ് അതോറിറ്റി സ്റ്റുവാർഡ്സ് കമ്മിറ്റി അംഗം റാഷിദ് അൽ ബലൂശി വ്യക്തമാക്കി. ഉടമകളുടെയും പരിശീലകരുടെയും ജോകികളുടെയും സജീവമായ സഹകരണമാണ് പരിപാടിയുടെ വിജയത്തിന് കാര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.