Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:01 PM

ആവേശപ്പോരാട്ടത്തിൽ റിയൽ മാഡ്രിഡിനെ വീഴ്ത്തി ദുബായ് ബാസ്കറ്റ്ബോൾ

by Raneesha Razak
ദുബായ് : കോകോകോള അരീനയിൽ നടന്ന ആവേശകരമായ യൂറോ ലീഗ് മത്സരത്തിൽ സ്പാനിഷ് വമ്പൻമാരായ റിയൽ മാഡ്രിഡിനെ അട്ടിമറിച്ച് ദുബായ് ബാസ്കറ്റ്ബോൾ. ഒപ്പത്തിനൊപ്പം പൊരുതിയ മത്സരത്തിൽ 78-77 എന്ന സ്കോറിനാണ് ദുബായിയുടെ തകർപ്പൻ വിജയം. രണ്ടാം യൂറോ ലീഗ് സീസണിന് മികച്ച തുടക്കമാണ് ടീം ഇതിലൂടെ സ്വന്തമാക്കിയത്.
മത്സരത്തിന് മുന്നോടിയായി അന്തരിച്ച ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കളിക്കാരും കാണികളും ഒരു മിനിറ്റ് മൗനം ആചരിച്ചു. ദുബായിൽ ഔദ്യോഗിക ദുഃഖാചരണം തുടരുന്ന പശ്ചാത്തലത്തിലാണ് ആദരാഞ്ജലികൾ അർപ്പിച്ചത്.
തുടക്കം മുതൽ ഇരുടീമുകളും ശക്തമായ പോരാട്ടമാണ് കാഴ്ചവെച്ചത്. ആദ്യ ക്വാർട്ടറിൽ 20-16ന് ദുബായ് മുന്നിലെത്തിയെങ്കിലും, രണ്ടാം ക്വാർട്ടറിൽ ശക്തമായി തിരിച്ചടിച്ച റിയൽ മാഡ്രിഡ് 44-38ന്റെ ലീഡ് നേടി. എന്നാൽ മൂന്നാം ക്വാർട്ടറിൽ ഉണർന്നുകളിച്ച ദുബായ് വീണ്ടും ലീഡ് പിടിച്ചെടുത്തു. ആവേശകരമായ അവസാന നിമിഷങ്ങളിൽ സമചിത്തത കൈവിടാതെ കളിച്ചാണ് ദുബായ് ചരിത്ര വിജയം കുറിച്ചത്.
ദുബായ് നിരയിൽ ഡ്വെയ്ൻ ബേക്കൺ 24 പോയിന്റുകൾ നേടി ടോപ് സ്കോററായപ്പോൾ, എംഫിയോണ്ടു കാബെംഗെലെ, ഫിലിപ്പ് പെട്രുസെവ് എന്നിവർ പ്രതിരോധത്തിൽ നിർണായക പങ്കുവഹിച്ചു. അടുത്ത മത്സരത്തിൽ സെപ്റ്റംബർ 29 ചൊവ്വാഴ്ച എഫ്സി ബാഴ്സലോണയുമായാണ് ദുബായിയുടെ അടുത്ത ഹോം മാച്ച്.

You may also like