34
അബുദാബി : അബുദാബിയിൽ ബുധനാഴ്ച രാവിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ദൃശ്യപരത കുറഞ്ഞത് ഗതാഗതത്തെ ബാധിച്ചു. നിരവധി പ്രധാന പാതകളിൽ വാഹനങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്. സാഹചര്യം കണക്കിലെടുത്ത് അബുദാബി പോലീസ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.
ഇ11 (E11) പാതയിൽ ഓൾഡ് റഹ്ബയ്ക്കും അൽ ഷഹാമ പുതിയ പ്രദേശത്തിനും ഇടയിലും, ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് സമീപമുള്ള റബ്ദാൻ ഇന്റർചേഞ്ച്, മുഹമ്മദ് ബിൻ സായിദ് സിറ്റി, മസ്യദ് മാൾ, ഇ30, ഇ22 പാതകൾ എന്നിവടങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. സായിദ് ഇന്റർനാഷണൽ എയർപോർട്ടിന് സമീപവും ഇ20 പാതയിലും വേഗത കുറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
രാവിലെ 8:30 വരെ മൂടൽമഞ്ഞ് തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഓഫ് മീറ്റിയോളജി (NCM) അറിയിച്ചു. ദൃശ്യപരത കുറഞ്ഞ സാഹചര്യത്തിൽ വേഗത കുറയ്ക്കണമെന്നും, റോഡുകളിലെ ഇലക്ട്രോണിക് ബോർഡുകളിൽ നിർദ്ദേശിച്ചിരിക്കുന്ന വേഗപരിധി പാലിക്കണമെന്നും പോലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു. ഹെഡ്‌ലൈറ്റുകൾ ഉപയോഗിക്കാനും, വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കാനും അധികൃതർ ഓർമ്മിപ്പിച്ചു.