ദുബായ് : യുഎഇയിലെ ജനങ്ങൾ പ്രകടിപ്പിച്ച ഐക്യദാർഢ്യവും പ്രതിരോധശേഷിയും പ്രമേഹമാക്കി ‘സ്റ്റോറീസ് ഓഫ് ഔർ ഡിറ്റർമിനേഷൻ’ എന്ന പേരിൽ ദേശീയ ഹ്രസ്വചിത്ര മത്സരം പ്രഖ്യാപിച്ച് ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ. ദുബായ് മീഡിയ കൗൺസിൽ ചെയർമാൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശപ്രകാരമാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്.
55-ാമത് ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരത്തിൽ സായുധ സേനയ്ക്കുള്ള ആദരം, വിവിധ ജനവിഭാഗങ്ങളുടെ ഐക്യം, വെല്ലുവിളികളെ അതിജീവിച്ചുള്ള മുന്നേറ്റം, ഭാവിയിലേക്കുള്ള ദൃഢനിശ്ചയം എന്നീ നാല് പ്രധാന പ്രമേഹങ്ങളെ ആസ്പദമാക്കി തിരഞ്ഞെടുക്കപ്പെടുന്ന 55 ചിത്രങ്ങൾ പ്രദർശിപ്പിക്കും. യുഎഇ സ്വദേശികൾക്കും വിദേശികൾക്കും വിദ്യാർത്ഥികൾക്കും നവാഗതർക്കും മത്സരത്തിൽ പങ്കാളികളാകാം. ഫിക്ഷൻ, ഡോക്യുമെന്ററി, അനിമേഷൻ, എഐ അസിസ്റ്റഡ് ഫിലിം, മൊബൈൽ ഫിലിം തുടങ്ങിയ ഏത് ഫോർമാറ്റിലും ചിത്രങ്ങൾ സമർപ്പിക്കാവുന്നതാണ്. അപേക്ഷകൾ സമർപ്പിക്കാനുള്ള തീയതി ഒക്ടോബർ 25 ആണ്. വിജയികളാകുന്ന വിദ്യാർത്ഥികൾക്ക് 10,000 ദിർഹം വരെയും പ്രൊഫഷണലുകൾക്ക് 50,000 ദിർഹം വരെയും സമ്മാനത്തുക ലഭിക്കും. അപേക്ഷ സമർപ്പണത്തിനായി dfgc.ae എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കാവുന്നതാണ്.
20
previous post