15
ദുബായ് : ദുബായ് നോർഡ് ആംഗ്ലിയ ഇന്റർനാഷണൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അപ്രതീക്ഷിത സമ്മാനമായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സന്ദർശനം. ബുധനാഴ്ചയായിരുന്നു ഷെയ്ഖ് മുഹമ്മദ് സ്കൂളിൽ എത്തിയത്. വിദ്യാർത്ഥികളും അധ്യാപകരും അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിക്കുന്നതിന്റെ ദൃശ്യങ്ങൾ സ്കൂൾ അധികൃതർ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തങ്ങളുടെ തിരക്കിട്ട ഔദ്യോഗിക ഷെഡ്യൂളിനിടയിലാണ് ഷെയ്ഖ് മുഹമ്മദ് സ്കൂളിൽ എത്തിയതെന്നും, എത്തുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് മാത്രമാണ് വിവരം അറിയാൻ കഴിഞ്ഞതെന്നും സ്കൂൾ പ്രിൻസിപ്പൽ കെന്നി ഡങ്കൻ വ്യക്തമാക്കി. പ്രൈമറി വിഭാഗത്തിലെ വിവിധ ക്ലാസുകളിലെത്തിയ അദ്ദേഹം കുട്ടികളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.
ഒന്നാം വർഷ ക്ലാസുകളിലും, അഞ്ചാം വർഷ സംഗീത ക്ലാസിലും അദ്ദേഹം സന്ദർശനം നടത്തി. തുടർന്ന് സെക്കൻഡറി വിഭാഗത്തിലെത്തി പതിമൂന്നാം വർഷ വിദ്യാർത്ഥികളെയും അദ്ദേഹം അഭിവാദ്യം ചെയ്തു. ഷെയ്ഖ് മുഹമ്മദിന്റെ സന്ദർശനം വിദ്യാർത്ഥികളിലും അധ്യാപകരിലും വലിയ ആവേശവും കൗതുകവുമാണ് ഉണ്ടാക്കിയതെന്ന് പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു.