Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 07:14 PM

അതിർത്തി കടത്തി ആളുകളെ കടത്താൻ ശ്രമം; യുഎഇയിൽ രണ്ട് സംഘങ്ങൾ പിടിയിൽ

by Raneesha Razak
അബുദാബി : രാജ്യത്തിന്റെ അതിർത്തികൾ വഴി ആളുകളെ അനധികൃതമായി കടത്താനുള്ള രണ്ട് വ്യത്യസ്ത ശ്രമങ്ങൾ യുഎഇ അധികൃതർ പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുകയും പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു. 18 പേരെ രാജ്യത്തേക്ക് അനധികൃതമായി കടത്താനുള്ള ശ്രമവും, പിടികിട്ടപ്പുള്ളിയായ വിദേശിയെ രാജ്യത്തിന് പുറത്തേക്ക് രക്ഷപ്പെടുത്താനുള്ള ശ്രമവുമാണ് സുരക്ഷാ സേന തടഞ്ഞത്.
ആദ്യ സംഭവത്തിൽ, ഒരു ജിസിസി പൗരന്റെ സഹായത്തോടെ 18 ഏഷ്യൻ പൗരന്മാരെ പല ഘട്ടങ്ങളിലായി യുഎഇയിലേക്ക് കടത്താനായിരുന്നു പദ്ധതി. കമ്മ്യൂണിറ്റി സുരക്ഷയുടെ ഭാഗമായി നടത്തിയ നിരീക്ഷണത്തിനൊടുവിൽ അതിർത്തി കടന്നുവന്ന പ്രധാന പ്രതിയെ അധികൃതർ പിടികൂടി. യാത്ര കുടുംബസഞ്ചാരമാണെന്ന് തെറ്റിധരിപ്പിക്കാൻ തന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങളെയും രണ്ട് നുഴഞ്ഞുകയറ്റക്കാരെയും ഇയാൾ ഒപ്പം കൂട്ടിയിരുന്നു.
രണ്ടാമത്തെ സംഭവത്തിൽ, നിയമനടപടികളിൽ നിന്നും അറസ്റ്റ് വാറണ്ടിൽ നിന്നും ഒളിച്ചോടാൻ ശ്രമിച്ച വിദേശിയെ രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള നീക്കമാണ് തടഞ്ഞത്. ഒരു ജിസിസി വനിതയും മകളും ചേർവാണ് ഇതിന് പദ്ധതിയിട്ടത്. സംശയം ഒഴിവാക്കാൻ കുടുംബാംഗങ്ങളെ ഒപ്പം കൂട്ടിയായിരുന്നു ഈ കടത്തലും നടത്തിയിരുന്നത്. സമാനമായ രീതിയിൽ മുമ്പും ആളുകളെ അതിർത്തി കടത്താൻ ഇവർ ശ്രമിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
രാജ്യത്തിന്റെ സുരക്ഷയും നിയമവ്യവസ്ഥയും സംരക്ഷിക്കുന്നതിനായി അതിർത്തികളിൽ അതീവ ജാഗ്രത തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പബ്ലിക് പ്രൊസിക്യൂഷൻ അറിയിച്ചു.

You may also like