Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:51 PM

ദുബായ്-ഹത്ത അതിർത്തി വ്യാപാരത്തിൽ 175% വർധനവ്

37.08 ശതകോടി ദിർഹമിന്റെ റെക്കോർഡ് നേട്ടം

by Raneesha Razak
ദുബായ് : ദുബായിലെ ഹത്ത അതിർത്തി ക്രോസിംഗ് വഴി കടന്നുപോയ വ്യാപാര മൂല്യത്തിൽ 2026-ന്റെ ആദ്യ പകുതിയിൽ 175 ശതമാനത്തിന്റെ വൻ വർധനവ് രേഖപ്പെടുത്തി. മുൻവർഷത്തെ 13.48 ശതകോടി ദിർഹമിൽ നിന്ന് വ്യാപാര മൂല്യം 37.08 ശതകോടി ദിർഹമായി ഉയർന്നു. മേഖലയിലെ വ്യാപാര പാതകളിലുണ്ടായ മാറ്റങ്ങളും കരമാർഗ്ഗമുള്ള ചരക്ക് ഗതാഗതത്തിന്റെ പ്രധാന്യവുമാണ് ഈ വൻ കുതിച്ചുചാട്ടത്തിന് വഴിതെളിച്ചതെന്ന് ദുബായ് കസ്റ്റംസ് വ്യക്തമാക്കി.
ചരക്കുമായി എത്തിയ ട്രക്കുകളുടെ എണ്ണത്തിൽ 160.1 ശതമാനം വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 41,831 ട്രക്കുകളിൽ നിന്ന് ഇത്തവണ വാഹനങ്ങളുടെ എണ്ണം 108,811 ആയി ഉയർന്നു. ചരക്ക് ഗതാഗതത്തോടൊപ്പം യാത്രാക്കാരുടെ എണ്ണത്തിലും കാര്യമായ വർധനവുണ്ടായിട്ടുണ്ട്. ഒൻപത് ലക്ഷത്തിലധികം (919,000) യാത്രക്കാരും 3,22,000 ചെറുവാഹനങ്ങളും ഇതിനോടകം അതിർത്തി കടന്നു. ബസുകളുടെ ഗതാഗതത്തിൽ 77.5 ശതമാനം വർധനവുണ്ടായി.
ചരക്ക് നീക്കം തടസ്സമില്ലാതെ ഉറപ്പാക്കാൻ ദുബായ് കസ്റ്റംസ് നടപ്പിലാക്കിയ ‘ഗ്രീൻ കോറിഡോർ’ പദ്ധതിയും, വിപണിയിൽ കൂടുതൽ ലോജിസ്റ്റിക്‌സ് സേവന ദാതാക്കളെ ആകർഷിച്ചതും നേട്ടത്തിന് കാരണമായി. കൂടാതെ, സുരക്ഷ മുൻനിർത്തി ചരക്ക് ട്രക്കുകളിൽ 7,870 ഇലക്ട്രോണിക് സ്മാർട്ട് സീലുകൾ (ഷാഹിൻ സിസ്റ്റം) ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കി. വ്യാപാരവും യാത്രക്കാരുടെ എണ്ണവും ഉയർന്ന പശ്ചാത്തലത്തിലും പരിശോധനകൾ കൃത്യമായി പൂർത്തിയാക്കി 129 നിയമലംഘന കേസുകളും പിടിച്ചെടുത്തു.

You may also like