19
ദുബായ് : അമേരിക്ക-ഇറാൻ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിൽ ദുബായിൽ സ്വർണവിലയിൽ നേരിയ ചാഞ്ചാട്ടം രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ 24 കാരറ്റ് സ്വർണം ഗ്രാമിന് 528.0 ദിർഹത്തിലാണ് വ്യാപാരം നടന്നത്. 22 കാരറ്റിന് 489.0 ദിർഹവും, 21 കാരറ്റിന് 468.75 ദിർഹവും, 18 കാരറ്റിന് 401.75 ദിർഹവും, 14 കാരറ്റിന് 313.5 ദിർഹവുമാണ് വിപണിയിൽ രേഖപ്പെടുത്തിയത്. രാജ്യാന്തര വിപണിയിൽ സ്പോട്ട് ഗോൾഡ് ഔൺസിന് 0.2 ശതമാനം ഇടിഞ്ഞ് 4,384 ഡോളറിലെത്തി. വെള്ളി വില ഔൺസിന് 66.43 ഡോളറിൽ സ്ഥിരത നിലനിർത്തി. ഹോർമുസ് കടലിടുക്കിലും ജോർദാനിലും അമേരിക്കയും ഇറാനും തമ്മിൽ തുടർച്ചയായി മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതാണ് വിപണിയെ ബാധിച്ചിരിക്കുന്നത്. കഴിഞ്ഞ രാത്രി ഇറാനിയൻ എണ്ണ ടാങ്കറുകൾക്ക് നേരെ അമേരിക്ക നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാൻ പത്തോളം യു.എസ് കപ്പലുകൾക്ക് നേരെ തിരിച്ചടിച്ചു. ജോർദാനിലെ യു.എസ് സൈനിക താവളവും ആക്രമിക്കപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ എണ്ണവില ബാരലിന് 99 ഡോളറിനടുത്തെത്തി. മിഡിൽ ഈസ്റ്റ് സംഘർഷം കടുക്കുന്നതും എണ്ണവിലക്കയറ്റവും ആഗോളതലത്തിൽ നാണയപ്പെരുപ്പ ആശങ്കകൾ വർധിപ്പിക്കുന്നുണ്ടെങ്കിലും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന് മേലുള്ള ഡിമാൻഡ് വിപണിയിൽ ശക്തമായി തുടരുകയാണ്.