18
അബുദാബി : യുഎഇയിലെ ജനങ്ങളിൽ രോഗകാരണമാകുന്ന ജനിതക, ജീവശാസ്ത്രപരമായ, ജീവിതശൈലീ ഘടങ്ങൾ എന്നിവ പഠനവിധേയമാക്കാൻ ലക്ഷ്യമിട്ട് മുഹമ്മദ് ബിൻ സായിദ് യൂണിവേഴ്സിറ്റി ഓഫ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (MBZUAI) അബുദാബിയിൽ പുതിയ ദീർഘകാല പഠനത്തിന് തുടക്കമിട്ടു. രോഗലക്ഷണങ്ങൾ പ്രകടമാകുന്നതിന് വർഷങ്ങൾക്ക് മുമ്പ് തന്നെ രോഗങ്ങൾ തിരിച്ചറിയാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.
‘ഹ്യൂമൻ ഫിനോടൈപ്പ് പ്രോജക്ട്’ (The Human Phenotype Project) എന്ന പേരിൽ ആരംഭിച്ചിരിക്കുന്ന ഈ പദ്ധതി 25 വർഷം നീണ്ടുനിൽക്കും. മെഡിക്കൽ ചരിത്രം, ജീവിതശൈലി, വിപുലമായ പരിശോധനകൾ, രക്തപരിശോധനകൾ, ഗ്ലൂക്കോസ്, ഉറക്കം എന്നിവയുടെ തുടർച്ചയായ നിരീക്ഷണം, ജനിതക-ജീവശാസ്ത്രപരമായ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള വിപുലമായ അളവുകോലുകളാണ് പങ്കെടുക്കുന്ന ഓരോ വ്യക്തിയിലും നിരീക്ഷിക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് തികച്ചും സൗജന്യവും സന്നദ്ധവുമായ രീതിയിലാണ് ഈ പഠനം നടപ്പിലാക്കുന്നത്.