അബുദാബി: അടിയന്തര ആവശ്യത്തിനെന്ന് പറഞ്ഞ് വാങ്ങിയ 1.2 ലക്ഷം ദിർഹം (Dh120,000) തിരികെ നൽകാതെ മുങ്ങിയ സംഭവത്തിൽ കടം വാങ്ങിയയാൾക്ക് കോടതിയുടെ ശക്തമായ ഉത്തരവ്. പണം മുഴുവൻ തിരികെ നൽകുന്നതിനൊപ്പം പരാതിക്കാരനുണ്ടായ മാനസിക വിഷമത്തിനും പണം ഉപയോഗിക്കാൻ സാധിക്കാത്തതിനും നഷ്ടപരിഹാരമായി 15,000 ദിർഹം നൽകാനും അബുദാബി ഫാമിലി, സിവില്‍ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി വിധി പ്രസ്താവിച്ചു.
ബാങ്ക് ട്രാൻസ്ഫർ രസീതുകൾക്ക് പുറമെ, കടം വാങ്ങിയ പണം തിരികെ നൽകാം എന്ന് വാഗ്ദാനം ചെയ്തുകൊണ്ടുള്ള വാട്സ്ആപ്പ് സന്ദേശങ്ങളാണ് (WhatsApp messages) കേസിൽ നിർണ്ണായക തെളിവായി മാറിയത്. 20,000 ദിർഹവും 1,00,000 ദിർഹവും അടങ്ങുന്ന രണ്ട് ഘഡുക്കളായാണ് പണം നൽകിയതെന്നും, പണം തിരിച്ചടയ്ക്കാൻ സമയമായപ്പോൾ ഫോൺ വിളികളും സന്ദേശങ്ങളും ഒഴിവാക്കി കടം വാങ്ങിയയാൾ മുങ്ങുകയായിരുന്നുവെന്നും പരാതിക്കാരൻ കോടതിയിൽ വ്യക്തമാക്കി. പണം കൈപ്പറ്റിയതായി പ്രതി കോടതിയിൽ സമ്മതിച്ചെങ്കിലും തിരികെ നൽകാൻ പ്രത്യേക തീയതി നിശ്ചയിച്ചിരുന്നില്ലെന്ന വാദമാണ് ഉന്നയിച്ചത്. എന്നാൽ മറ്റൊരാളുടെ പണം നിയമപരമായ കാരണങ്ങളില്ലാതെ കൈവശം വെക്കാൻ സാധിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി, വാട്സ്ആപ്പ് തെളിവുകളുടെ അടിസ്ഥാനത്തിൽ പരാതിക്കാരന് അനുകൂലമായി വിധി പ്രസ്താവിക്കുകയായിരുന്നു.
48