18
അബുദാബി : അബുദാബിയിലെ ഹൈവേയിൽ കാർ പിക്കപ്പ് ട്രക്കിലിടിച്ചുണ്ടായ അപകടത്തിൽ വാഹനങ്ങൾ തലകീഴായി മറിഞ്ഞു. സെപ്റ്റംബർ 4 വെള്ളിയാഴ്ച അബുദാബി പോലീസ് പുറത്തുവിട്ട അപകട ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ ആശങ്കയ്ക്കിടയാക്കി. നിയന്ത്രണം വിട്ട വെള്ള കാർ ഇടിച്ചതിനെ തുടർന്ന് പിക്കപ്പ് ട്രക്ക് റോഡിന്റെ ഇടത് വശത്തെ ബാരിയറിലേക്ക് തെന്നിമാറി മറിയുകയായിരുന്നു.
അപകടത്തെ തുടർന്ന് പ്രധാന റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തിയിട്ടതാണ് സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമാക്കിയത്. ചില ഡ്രൈവർമാർ വാഹനങ്ങളിൽ നിന്ന് പുറത്തിറങ്ങി മൊബൈൽ ഫ്ലാഷ് ലൈറ്റുകൾ ഉപയോഗിച്ച് പുറകിൽ വരുന്ന വാഹനങ്ങൾക്ക് മുന്നറിയിപ്പ് നൽകാൻ ശ്രമിച്ചെങ്കിലും, വേഗത്തിലെത്തിയ മറ്റ് വാഹനങ്ങൾ അപകടത്തിൽപ്പെട്ട കാറുകളിലേക്ക് തുടരെ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽപ്പെട്ട വാഹനം വീണ്ടും മറ്റൊരു വാഹനം ഇടിച്ച് തലകീഴായി മറിഞ്ഞു.
അപകടങ്ങൾ സംഭവിച്ചാൽ റോഡിന് നടുവിൽ വാഹനങ്ങൾ നിർത്തിയിടുന്നതും ഡ്രൈവിംഗിനിടയിലെ ശ്രദ്ധക്കുറവും വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി. വാഹനം നിർത്തേണ്ടി വന്നാൽ റോഡിന്റെ സുരക്ഷിതമായ വശത്തേക്ക് മാറ്റണമെന്നും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.