Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 21, 2026 | 10:24 PM

യുഎഇയിൽ ഇനി അജ്ഞാത വാഹനം തട്ടിയാൽ ടെൻഷൻ വേണ്ട

by Raneesha Nizar

അബുദാബി: അജ്ഞാത വാഹനങ്ങൾ തട്ടി സ്വന്തം വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്ന ഘട്ടങ്ങളിൽ ഇനി പോലീസ്‌ സ്റ്റേഷനുകളോ ട്രാഫിക് സേവന കേന്ദ്രങ്ങളോ നേരിട്ട് സന്ദർശിക്കാതെ തന്നെ ഓൺലൈനായി ഔദ്യോഗിക അപകട റിപ്പോർട്ട് സമർപ്പിക്കാമെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഹിറ്റ് ആൻഡ് റൺ കേസുകളിലോ വാഹനം തട്ടിപ്പോയ ആളെ തിരിച്ചറിയാൻ സാധിക്കാത്ത സാഹചര്യങ്ങളിലോ പ്രവാസികൾ ഉൾപ്പെടെയുള്ള വാഹന ഉടമകൾക്ക് ഏറെ ആശ്വാസം പകരുന്നതാണ് ഈ ഡിജിറ്റൽ സംവിധാനം. ആഭ്യന്തര മന്ത്രാലയത്തിന്റെ സ്മാർട്ട് ആപ്ലിക്കേഷൻ വഴിയോ ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴിയോ മിനിറ്റുകൾക്കുള്ളിൽ ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കാം. റിപ്പോർട്ട് സമർപ്പിച്ച ശേഷം ഇൻഷുറൻസ് ക്ലെയിമുകൾക്കും മറ്റ് ഔദ്യോഗിക ആവശ്യങ്ങൾക്കുമായി ഉപയോഗിക്കാവുന്ന അംഗീകൃത അപകട സർട്ടിഫിക്കറ്റ് ഇലക്ട്രോണിക് രീതിയിൽ ലഭ്യമാകും. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നും വാഹനം സുരക്ഷിതമായി റോഡിൽ നിന്ന് മാറ്റാൻ സാധിക്കുമോ എന്നും വ്യക്തമാക്കുന്ന ചില അടിസ്ഥാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതോടെയാണ് അപേക്ഷാ നടപടികൾ ആരംഭിക്കുന്നത്. തുടർന്ന് അപകടം നടന്ന കൃത്യമായ സ്ഥലം മാപ്പിൽ അടയാളപ്പെടുത്തുകയും വാഹനത്തിന്റെ വിശദാംശങ്ങളും ആവശ്യമായ അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്യുകയും വേണം. ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന സമഗ്ര ഡിജിറ്റൽ സേവനങ്ങളുടെ ഭാഗമായാണ് ഈ സംവിധാനം സജ്ജമാക്കിയിരിക്കുന്നത്. ഇതിലൂടെ ട്രാഫിക് കേന്ദ്രങ്ങളിലെ തിരക്ക് കുറയ്ക്കാനും പൊതുജനങ്ങൾക്ക് സമയബന്ധിതമായി സേവനം ഉറപ്പാക്കാനും സാധിക്കുന്നു.

You may also like