Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 10:42 PM

വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഇനി യുഎഇയിലേക്ക് എളുപ്പത്തിൽ വരാം

by Raneesha Razak

ദുബായ് : സ്വന്തം രാജ്യം അല്ലാതെ മറ്റ് വിദേശ രാജ്യങ്ങളിൽ താമസിക്കുന്ന യോഗ്യരായ വിദേശികൾക്കുള്ള വിസ ഓൺ അറൈവൽ സേവനത്തിന്റെ നിബന്ധനകൾ വ്യക്തമാക്കി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA). യോഗ്യതയുള്ള സഞ്ചാരികൾക്ക് നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിലൂടെ 14 ദിവസത്തേക്കോ 60 ദിവസത്തേക്കോ ഉള്ള വിസ ഓൺ അറൈവൽ ലഭിക്കും. ഇതിൽ 14 ദിവസത്തെ വിസ സമാന കാലാവധിയിലേക്ക് ഒരു തവണ കൂടി നീട്ടാൻ സാധിക്കുമെങ്കിലും 60 ദിവസത്തെ വിസ നീട്ടി നൽകില്ലെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യ, ഇന്തോനേഷ്യ, വിയറ്റ്നാം, തായ്ലൻഡ്, ഫിലിപ്പീൻസ്, കെനിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും നിശ്ചിത യോഗ്യതകൾ ഉണ്ടെങ്കിൽ ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം. അപേക്ഷകർ വെള്ള പശ്ചാത്തലത്തിലുള്ള നിലവിലെ പാസ്‌പോർട്ട് സൈസ് കളർ ഫോട്ടോ, കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള സാധാരണ പാസ്‌പോർട്ട്, അംഗീകൃത രാജ്യങ്ങൾ നൽകിയിട്ടുള്ള സാധുവായ റെസിഡൻസ് പെർമിറ്റ് എന്നിവ സമർപ്പിക്കണം. യു.എസ്, യുകെ, ഇ.യു രാജ്യങ്ങൾ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലൊന്നിൽ നിന്നുള്ള റെസിഡൻസ് പെർമിറ്റാണ് ഇതിനായി പരിഗണിക്കുന്നത്. 14 ദിവസത്തെ വിസയ്ക്ക് 172.50 ദിർഹവും 60 ദിവസത്തെ വിസയ്ക്ക് 422.50 ദിർഹവുമാണ് സർവീസ് ഫീ. യാത്രക്കാരുടെ പ്രവേശന നടപടികൾ എളുപ്പമാക്കുന്നതിനാണ് ജിഡിആർഎഫ്എയുടെ ഔദ്യോഗിക സ്മാർട്ട് ആപ്ലിക്കേഷനിലൂടെയും വെബ്‌സൈറ്റിലൂടെയും 24 മണിക്കൂറും ലഭ്യമായ ഈ സേവനം ഒരുക്കിയിരിക്കുന്നത്. ഓൺലൈൻ അപേക്ഷകൾ സമർപ്പിച്ച് 48 മണിക്കൂറിനുള്ളിൽ വിസ നടപടികൾ പൂർത്തിയാകും.

You may also like