ദുബായ്: യുഎഇയിൽ പൊതുവിദ്യാഭ്യാസ സർട്ടിഫിക്കറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മിടുക്കരെ പ്രശംസിച്ചും അഭിനന്ദിച്ചും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും രംഗത്തെത്തി. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിൽ ഈ വിദ്യാർത്ഥികൾക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച അഭിനന്ദന സന്ദേശത്തിൽ വ്യക്തമാക്കി. വിദ്യാഭ്യാസം രാജ്യത്തിന്റെ ഏറ്റവും വലിയ ദേശീയ പദ്ധതിയായി തുടരുമെന്നും ഇന്നത്തെയും നാളത്തെയും ഏറ്റവും വലിയ വിജയപ്രതീക്ഷ നമ്മുടെ കുട്ടികളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ മികച്ച വിജയത്തിനായി കൂടെനിന്ന രക്ഷിതാക്കൾക്കും അധ്യാപകർക്കും അദ്ദേഹം പ്രത്യേകമായി നന്ദി അറിയിച്ചു. വ്യത്യസ്ത വിഭാഗങ്ങളിലായി ഒന്നാം സ്ഥാനം നേടിയ അബീർ, ആദം, ഹെസ്സ, അലി, അബ്ദുള്ള, റാഷിദ്, ശൈഖ, മറിയം എന്നീ വിദ്യാർത്ഥികളെ അദ്ദേഹം പേരെടുത്ത് പരാമർശിച്ചു.
സർക്കാർ വിദ്യാഭ്യാസ മേഖലയിലെ എലൈറ്റ് ട്രാക്കിൽ ദുബായ് അൽ റാഷിദിയ സൈക്കിൾ 3 ഗേൾസ് സ്കൂളിലെ അബീർ അബ്ദുൾ റഹ്മാൻ ഫായിസ് ഹുമൈദ് അൽ ഷംസിയും, അഡ്വാൻസ്ഡ് ട്രാക്കിൽ അബുദാബി അൽ ഖാതിം ബോയ്സ് സ്കൂളിലെ ആദം മുഹമ്മദ് അവാദ് അവാദ് ഇബ്രാഹിമും, ജനറൽ ട്രാക്കിൽ അബുദാബി അൽ മവാഹെബ് ഗേൾസ് സ്കൂളിലെ ഹെസ്സ റാഷിദ് മുസ്ബേഹ് അബ്ദുൾ റഹ്മാൻ അൽ അലീലിയും ഒന്നാമതെത്തി. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഷാർജ അൽ നൂർ ഇന്റർനാഷണൽ പ്രൈവറ്റ് സ്കൂളിലെ അലി ആസിം ഹസ്സൻ അഡ്വാൻസ്ഡ് ട്രാക്കിലും, അബുദാബി അൽ ഫലാഹ് അക്കാദമിയിലെ അബ്ദുള്ള യാസർ അബു അറബി ജനറൽ ട്രാക്കിലും മികച്ച വിജയം നേടി. അപ്ലൈഡ് ടെക്നോളജി എജ്യുക്കേഷൻ വിഭാഗത്തിൽ ഫുജൈറ അപ്ലൈഡ് ടെക്നോളജി സ്കൂളിലെ റാഷിദ് അഹമ്മദ് റാഷിദ് അലി അൽ ധൻഹാനി സയൻസ് ട്രാക്കിലും, അജ്മാൻ സ്കൂളിലെ ശൈഖ അബ്ദുൾ അസീസ് അബ്ദുൾ റഹ്മാൻ മുഹമ്മദ് അൽ ഹൊസാനി അഡ്വാൻസ്ഡ് ട്രാക്കിലും, ഉമ്മുൽ ഖുവൈൻ സ്കൂളിലെ മറിയം സയീദ് ഹമദ് അൽ ഹദ്ഫി അൽ കെത്ബി ജനറൽ ട്രാക്കിലും ഒന്നാം സ്ഥാനം സ്വന്തമാക്കി രാജ്യത്തിന്റെ അഭിമാനമായി മാറി.