Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:27 PM

കറാച്ചിയിലേക്കുള്ള യാത്രാമധ്യേ കാണാതായ കാർഗോ വിമാനം; ജീവനക്കാരുടെ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു.

by Raneesha Razak

കറാച്ചി : യുഎഇയിലെ ഷാർജയിൽ നിന്ന് പാകിസ്താനിലെ കറാച്ചിയിലേക്ക് പുറപ്പെട്ട കെ2 എയർവേയ്‌സിന്റെ (K2 Airways) ബോയിംഗ് 737 കാർഗോ വിമാനം കറാച്ചി തീരത്തിനടുത്ത് അറബിക്കടലിൽ കാണാതായി. വിമാനവുമായുള്ള ബന്ധം പൂർണ്ണമായും നഷ്ടമാകുന്നതിന് തൊട്ടുമുമ്പ് ഇത് അതിവേഗം താഴേക്ക് പതിക്കുന്നതായി റഡാർ വിവരങ്ങൾ വ്യക്തമാക്കിയതായി പാകിസ്താൻ എയർപോർട്ട് അതോറിറ്റി (PAA) അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാർക്കായി പാകിസ്താൻ നേവിയും എയർഫോഴ്‌സും സിവിൽ ഏവിയേഷനും സംയുക്തമായി കടലിൽ വൻ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. കറാച്ചിയിൽ നിന്ന് 155 നോട്ടിക്കൽ മൈൽ അകലെ വെച്ച് വിമാനത്തിന് നാവിഗേഷൻ തകരാർ സംഭവിച്ചതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ അറിയിച്ചിരുന്നു. എന്നാൽ മിനിറ്റുകൾക്കകം വിമാനം റഡാറിൽ നിന്ന് അപ്രത്യക്ഷമാവുകയായിരുന്നു. വിമാനത്തിലുണ്ടായിരുന്ന അഞ്ച് ജീവനക്കാരെ കെ2 എയർവേയ്‌സ് തിരിച്ചറിഞ്ഞിട്ടുണ്ട്: കമാൻഡിംഗ് പൈലറ്റ് മുഹമ്മദ് റിസ്‌വാൻ ഇദ്രീസ്, ഫസ്റ്റ് ഓഫീസർ ഫൈസൽ മഹ്മൂദ്, ലോഡ് മാസ്റ്റർ മുഹമ്മദ് തൗഫീഖ് ഖാൻ, എഞ്ചിനീയർമാരായ ആരിഫ് സിദ്ദിഖി, മുഹമ്മദ് ഹമീദ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തീവ്ര ദുഃഖം രേഖപ്പെടുത്തുകയും തിരച്ചിൽ ശക്തമാക്കാൻ ഉത്തരവിടുകയും ചെയ്തു.

You may also like