Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 14, 2026 | 07:55 AM

യുഎഇയിൽ വേനൽ കടുക്കുന്നു; സൂര്യാഘാതത്തിനെതിരെ മുന്നറിയിപ്പുമായി ഡോക്ടർമാർ!

by Raneesha Nizar

ദുബായ് : യുഎഇയിൽ വേനൽക്കാലം കടുക്കുന്ന സാഹചര്യത്തിൽ ഹീറ്റ് സ്ട്രോക്ക് അഥവാ സൂര്യാഘാതത്തിനെതിരെ കടുത്ത ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. കടുത്ത വിയർപ്പ്, തലകറക്കം, ഓക്കാനം എന്നിവയോടെ തുടങ്ങുന്ന ആദ്യ ഘട്ടത്തിൽ നിന്ന് ശരീരം സ്വയം തണുപ്പിക്കാനുള്ള ശേഷി പൂർണ്ണമായി നഷ്ടപ്പെടുന്ന ഹീറ്റ് സ്ട്രോക്കിലേക്ക് കാര്യങ്ങൾ വെറും 10 മുതൽ 15 മിനിറ്റുകൾക്കകം മാറാമെന്ന് ഡോക്ടർമാർ വ്യക്തമാക്കുന്നു. കടുത്ത ദാഹമോ വിയർപ്പോ മാത്രമല്ല, മറിച്ച് പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം, വ്യക്തമല്ലാത്ത സംസാരം, അസ്വസ്ഥത, ബോധക്ഷയം എന്നിവയാണ് സൂര്യാഘാതത്തിന്റെ പ്രധാന മുന്നറിയിപ്പുകൾ. ശരീരതാപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് ഉയരുന്നത് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ വരുത്താൻ സാധ്യതയുള്ളതിനാൽ ഇതിനെ അടിയന്തിര മെഡിക്കൽ എമർജൻസിയായി കാണണം.

അമിത ചൂടിൽ ഒരാൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടാൽ ഉടൻ തന്നെ എയർകണ്ടീഷണറുള്ള മുറിയിലേക്കോ തണലുള്ള സ്ഥലത്തേക്കോ മാറ്റുകയും വസ്ത്രങ്ങൾ അയച്ചിടുകയും വേണം. തണുത്ത വെള്ളം ഉപയോഗിച്ചോ, ഐസ് പാക്കുകളോ നനഞ്ഞ തുണിയോ കഴുത്ത്, കക്ഷം, തുടയിടുക്കുകൾ എന്നിവിടങ്ങളിൽ വെച്ച് ശരീരം വേഗത്തിൽ തണുപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്. എന്നാൽ രോഗിക്ക് പൂർണ്ണ ബോധമില്ലെങ്കിൽ ഒരു കാരണവശാലും കുടിക്കാൻ വെള്ളം നൽകരുത്, ഇത് ശ്വാസതടസ്സത്തിന് കാരണമാകും. ദാഹം തോന്നുന്നതിന് മുൻപ് തന്നെ കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക, ഉച്ചസമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കുക, ലളിതവും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങൾ ധരിക്കുക എന്നിവയാണ് ചൂടിൽ നിന്ന് രക്ഷപ്പെടാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രധാന പ്രതിരോധ മാർഗ്ഗങ്ങൾ.

You may also like