ദുബായ് : കുട്ടികൾ ഡിജിറ്റൽ-പരമ്പരാഗത മാധ്യമങ്ങളിൽ ഉപയോഗിക്കുന്ന ഉള്ളടക്കങ്ങളുടെ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കാൻ യുഎഇ ദേശീയ മാനദണ്ഡങ്ങൾ ഏർപ്പെടുത്തുന്നു. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ കാബിനറ്റ് തീരുമാനത്തിന്റെ ഭാഗമായാണ് നാഷണൽ മീഡിയ അതോറിറ്റി ഇക്കാര്യം പ്രഖ്യാപിച്ചത്. ചൈൽഡ് ഡിജിറ്റൽ സേഫ്റ്റി കൗൺസിലുമായി സഹകരിച്ച് ഇതിനായി പ്രത്യേക രണ്ട് മാർഗ്ഗരേഖകൾ അതോറിറ്റി പുറത്തിറക്കും.
കുട്ടികളുടെ പ്രായത്തിന് അനുയോജ്യമായ മാധ്യമ ഉള്ളടക്കങ്ങൾ തരംതിരിക്കുന്നതിനുള്ള ‘ഏജ് ക്ലാസിഫിക്കേഷൻ പോളിസി’ (Age Classification Policy) ആണ് ഇതിൽ ആദ്യത്തേത്. സോഷ്യൽ മീഡിയയ്ക്ക് പുറമെ പുസ്തകങ്ങൾ, സിനിമകൾ, സംഗീതം എന്നിവയ്ക്കും ഇത് ബാധകമായിരിക്കും. 15 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിർമ്മിക്കുന്നതിന് വിലക്കേർപ്പെടുത്തിയ പുതിയ നിയമത്തോടൊപ്പമാണ് കുട്ടികളുടെ ബൗദ്ധികവും ധാർമ്മികവുമായ വളർച്ചയെ സഹായിക്കുന്ന ഈ പുതിയ ഉള്ളടക്ക മാനദണ്ഡം കൂടി രാജ്യം നടപ്പിലാക്കുന്നത്.
45