അബുദാബി : കൽബയിൽ താമസിക്കുന്ന സ്വദേശി ഉദ്യോഗസ്ഥൻ അബ്ദുൾറഹ്മാൻ അൽ സാബിക്ക് ഇത്തിഹാദ് റെയിലിന്റെ യാത്രാ സർവീസ് വെറുമൊരു നാഴികക്കല്ലല്ല, മറിച്ച് തന്റെ ജീവിതം തന്നെ മാറ്റിമറിച്ച വലിയൊരു സൗകര്യമാണ്. അബുദാബിയിലെ അൽ ബത്തീൻ എക്സിക്യൂട്ടീവ് എയർപോർട്ടിലേക്ക് ജോലിക്ക് പോകാനായി ഫുജൈറയിൽ നിന്നുള്ള പുലർച്ചെ 5.34-ലെ ആദ്യ ട്രെയിനിലെ യാത്രക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. മുൻപ് കഠിനമായ ട്രാഫിക്കും മഞ്ഞും താണ്ടി മൂന്ന് മണിക്കൂറിലധികം കാറോടിച്ച് ജോലിക്ക് പോയിരുന്ന സാബിക്ക്, പുതിയ ട്രെയിൻ വഴി വെറും 1 മണിക്കൂർ 40 മിനിറ്റ് കൊണ്ട് അബുദാബിയിൽ തടസ്സങ്ങളില്ലാതെ എത്തുവാൻ സാധിച്ചു.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ഈ ട്രെയിൻ യാത്ര റോഡിലെ കടുത്ത മാനസിക സമ്മർദ്ദങ്ങളിൽ നിന്നും യാത്രാക്ഷീണത്തിൽ നിന്നും വലിയ ആശ്വാസം നൽകിയതായി അദ്ദേഹം പറഞ്ഞു. ട്രെയിനിലെ സൗജന്യ വൈ-ഫൈ ഉപയോഗിച്ച് യാത്രയ്ക്കിടയിൽ തന്നെ ജോലി പൂർത്തിയാക്കാനും രുചികരമായ ഭക്ഷണം ആസ്വദിക്കാനും കഴിഞ്ഞു. യാത്രക്കാർക്കായി വൈ-ഫൈ, ചാർജിങ് പോർട്ടുകൾ എന്നിവയടങ്ങിയ ഇത്തിഹാദ് റെയിൽ സർവീസിൽ അബുദാബി–ഫുജൈറ റൂട്ടിൽ കംഫർട്ട് ക്ലാസിന് 55 ദിർഹവും പ്രീമിയം ക്ലാസിന് 120 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്.