Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 05:54 PM

ദുബായ് വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിൽ നിന്ന് 223 അപൂർവ ജീവികളെ പിടികൂടി

by Raneesha Razak

ദുബായ് : ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ സ്യൂട്ട്കേസിൽ നിന്ന് പാമ്പുകളും പല്ലികളും അടക്കം 223 അപൂർവയിനം ജീവികളെ ദുബായ് കസ്റ്റംസ് പിടികൂടി. ഉടമസ്ഥരില്ലാത്തതും യാതൊരുവിധ തിരിച്ചറിയൽ രേഖകളും ഇല്ലാത്തതുമായ ഒരു ബാഗ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഈ വന്യജീവി കടത്ത് പുറത്തുകൊണ്ടുവന്നത്.

ബാഗ് തുറന്ന ഉദ്യോഗസ്ഥർ കണ്ടത് വസ്ത്രങ്ങൾക്ക് പകരം പ്രത്യേകമായി ഒളിപ്പിച്ച നിലയിലുള്ള നൂറുകണക്കിന് ജീവികളെയാണ്. 129 പല്ലികൾ, 36 തേളുകൾ, 50 തവളകൾ, 8 പാമ്പുകൾ എന്നിവയാണ് ബാഗിൽ ഉണ്ടായിരുന്നത്. ഇവയിൽ പലതും അന്താരാഷ്ട്ര തലത്തിൽ സംരക്ഷിക്കപ്പെടേണ്ട വംശനാശഭീഷണി നേരിടുന്ന ജീവികളുടെ (CITES) പട്ടികയിൽ ഉള്ളതാണെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം.
പിടികൂടിയ ജീവികളെ തുടർനടപടികൾക്കും വിദഗ്ദ്ധ പരിചരണത്തിനുമായി യുഎഇ കാലാവസ്ഥാ വ്യതിയാന പരിസ്ഥിതി മന്ത്രാലയത്തിന് കൈമാറി. വന്യജീവി കടത്ത് തടയുന്നതിലും പരിസ്ഥിതി സംരക്ഷണത്തിലും ദുബായ് കസ്റ്റംസ് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്ന് പാസഞ്ചർ ഓപ്പറേഷൻസ് ഡയറക്ടർ ഖാലിദ് അഹമ്മദ് വ്യക്തമാക്കി.

You may also like