Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 08:12 AM

സ്വകാര്യ മ്യൂസിയങ്ങൾക്ക് ഓൺലൈൻ ലൈസൻസ് നൽകാൻ പുതിയ വെബ്‌സൈറ്റ് സേവനവുമായി ഷാർജ

by Raneesha Razak

ഷാർജ : യുഎഇയിലെ സ്വകാര്യ മ്യൂസിയം മേഖലയെ കൂടുതൽ ശക്തമാക്കാനും നിയന്ത്രിക്കാനുമായി പുതിയ ഓൺലൈൻ രജിസ്ട്രേഷൻ-ലൈസൻസിങ് സേവനം ആരംഭിച്ച് ഷാർജ മ്യൂസിയം അതോറിറ്റി (SMA). വ്യക്തിഗത കലക്ഷനുകൾ ഉള്ളവർക്കും വിലപിടിപ്പുള്ള സാംസ്കാരിക വസ്തുക്കൾ സൂക്ഷിക്കുന്നവർക്കും, മറ്റ് സന്നദ്ധ സംഘടനകൾക്കും തങ്ങളുടെ സ്വകാര്യ മ്യൂസിയങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനും ആവശ്യമായ ഔദ്യോഗിക അനുമതികൾ നേടുന്നതിനും ഇനി അതോറിറ്റിയുടെ വെബ്‌സൈറ്റ് വഴി നേരിട്ട് അപേക്ഷിക്കാം.

ഷാർജ സാമ്പത്തിക വികസന വകുപ്പുമായി (SEDD) സഹകരിച്ചാണ് ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്. 2020-ലെ 7-ാം നമ്പർ നിയമപ്രകാരം മ്യൂസിയം അതോറിറ്റിയുടെ പ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. അപേക്ഷകർക്ക് തങ്ങളുടെ മ്യൂസിയത്തെക്കുറിച്ചുള്ള വിവരങ്ങൾ, സ്ഥലം, പ്രവർത്തന സമയങ്ങൾ എന്നിവ ഓൺലൈനായി സമർപ്പിക്കാം. മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്ന വസ്തുക്കളുടെ ഉടമസ്ഥാവകാശം തെളിയിക്കുന്ന കൃത്യമായ രേഖകൾ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതുണ്ട്. കൂടാതെ സന്ദർശകർക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കുക, സൈൻ ബോർഡുകൾ സ്ഥാപിക്കുക, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുക എന്നിവയും ലൈസൻസ് ലഭിക്കുന്നതിനുള്ള പ്രധാന നിബന്ധനകളാണ്. ഷാർജയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനും സാംസ്കാരിക ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിനും ഈ പുതിയ ഡിജിറ്റൽ പ്ലാറ്റ്‌ഫോം വലിയൊരു ചുവടുവെപ്പായിരിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി.

You may also like