Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:17 PM

21 ലക്ഷം ദിർഹം തട്ടിയെടുത്ത പ്രവാസിക്ക് തടവും നാടുകടത്തലും

by Raneesha Razak

 

ദുബായ് : ദുബായിൽ താൻ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്നും ഉപഭോക്താക്കളുടെ പണം ഉൾപ്പെടെ 21 ലക്ഷത്തിലധികം ദിർഹം തട്ടിയെടുത്ത മുൻ അക്കൗണ്ട്സ് മാനേജർക്കെതിരെ ദുബായ് കോടതിയുടെ കർശന നടപടി. ക്രിമിനൽ കേസിൽ ഇയാൾക്ക് മൂന്ന് മാസം തടവും, തട്ടിയെടുത്ത തുകയ്ക്ക് തുല്യമായ 21,07,250 ദിർഹം പിഴയും ശിക്ഷ വിധിച്ച കോടതി, ശിക്ഷാ കാലാവധിക്ക് ശേഷം യുഎഇയിൽ നിന്നും നാടുകടത്താനും ഉത്തരവിട്ടു. ഇതിന് പുറമെ കമ്പനിക്ക് സംഭവിച്ച സാമ്പത്തിക-മാനസിക നഷ്ടങ്ങൾക്ക് പരിഹാരമായി 23 ലക്ഷം ദിർഹം നഷ്ടപരിഹാരം നൽകാനും ദുബായ് സിവിൽ കോടതി വിധിച്ചു. ഈ തുക പൂർണ്ണമായി നൽകി തീർക്കുന്നത് വരെ പ്രതിവർഷം 5 ശതമാനം പലിശയും കോടതി ചിലവുകളും ഇയാൾ വഹിക്കേണ്ടി വരും.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഫ്രൈറ്റ് സർവീസ് കമ്പനിയിലാണ് വൻ സാമ്പത്തിക തട്ടിപ്പ് നടന്നത്. കമ്പനിയുടെ വരവ് ചിലവ് കണക്കുകളിൽ മാനേജർ കണ്ടെത്തിയ അപാകതകളെ തുടർന്ന് 2023 സെപ്റ്റംബറിലാണ് അൽ മുറഖബാദ് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ, അക്കൗണ്ട്സ് മാനേജരായിരുന്ന പ്രതി ഉപഭോക്താക്കളിൽ നിന്ന് തുക കൈപ്പറ്റിയ ശേഷം വളരെ കുറഞ്ഞ തുക മാത്രം കമ്പനി അക്കൗണ്ടിൽ നിക്ഷേപിക്കുകയോ അല്ലെങ്കിൽ തുക പൂർണ്ണമായി സ്വന്തമാക്കുകയോ ചെയ്തതായി കണ്ടെത്തുകയായിരുന്നു. ഇങ്ങനെ ആകെ 21,07,250 ദിർഹത്തിന്റെ ക്രമക്കേടാണ് ഇയാൾ നടത്തിയത്. ദുബായ് ക്രിമിനൽ കോടതി പ്രഖ്യാപിച്ച ശിക്ഷ പിന്നീട് അപ്പീൽ കോടതിയും കോർട്ട് ഓഫ് കസേഷനും ശരിവെക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനി നൽകിയ സിവിൽ കേസിൽ വൻ തുക നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടത്.

You may also like