Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:19 PM

ദുബായ് ഹാർബർ പാലം വികസനം; 90 ശതമാനം ജോലികളും പൂർത്തിയായി

by Raneesha Razak

ദുബായ് : പ്രമുഖ നിക്ഷേപക കമ്പനിയായ ഷമാൽ ഹോൾഡിംഗുമായി സഹകരിച്ച് ദുബായ് ഹാർബറിലേക്കുള്ള പ്രധാന പാലം വികസന പദ്ധതിയുടെ 90 ശതമാനം ജോലികളും റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) പൂർത്തിയാക്കി. ഇരുവശങ്ങളിലേക്കുമായി രണ്ട് ലെയ്നുകളുള്ള 1500 മീറ്റർ നീളമുള്ള ഈ പാലം യാഥാർത്ഥ്യമാകുന്നതോടെ ഷെയ്ഖ് സായിദ് റോഡിൽ നിന്നും ദുബായ് ഹാർബറിലേക്ക് നേരിട്ട് പ്രവേശിക്കാൻ സാധിക്കും.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ യാർഡ് മറീനയുള്ള ദുബായ് ഹാർബറിലേക്കുള്ള യാത്രാസമയം ഇതോടെ 12 മിനിറ്റിൽ നിന്നും വെറും 3 മിനിറ്റായി കുറയും.മണിക്കൂറിൽ 6,000 വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ പാലം ഷെയ്ഖ് സായിദ് റോഡിലെ ഇന്റർചേഞ്ച് 5-ൽ നിന്ന് ആരംഭിച്ച് അൽ നസീം സ്ട്രീറ്റ്, അൽ ഫലക് സ്ട്രീറ്റ് എന്നിവ കടന്ന് കിംഗ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് സ്ട്രീറ്റ് വഴി ദുബായ് ഹാർബർ റോഡിലേക്കാണ് നീളുന്നത്. 1400-ലധികം എൻജിനീയർമാരും തൊഴിലാളികളും അടങ്ങുന്ന 12 ടീമുകളാണ് പദ്ധതിക്കായി ഒരേസമയം പ്രവർത്തിക്കുന്നത്. പദ്ധതിയുടെ സമയക്രമം അനുസരിച്ച് ഷെയ്ഖ് സായിദ് റോഡിൽ നിന്നും ദുബായ് ഹാർബറിലേക്കുള്ള ഗതാഗതം ഈ ജൂൺ മാസത്തിൽ തുറന്നുകൊടുക്കും. ജൂലൈ മാസത്തോടെ ദുബായ് ഹാർബറിൽ നിന്നും അൽ നസീം സ്ട്രീറ്റിലേക്കുള്ള ഗതാഗതവും പൂർണ്ണമായി തുറക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്തർ അൽ തായർ വ്യക്തമാക്കി. പദ്ധതി പൂർത്തിയാകുന്നതോടെ മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ പരിഹാരമാകും.

You may also like