Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:59 PM

പ്രമുഖ അധ്യാപകൻ ഡോ. മഹ്മൂദ് അൽ ഖൈസിയ അന്തരിച്ചു; ആദരമർപ്പിച്ച് യുഎഇ പ്രസിഡന്റ്

by Raneesha Razak

അബുദാബി : യുഎഇയുടെ ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തിന് അടിത്തറ പാകിയ പ്രമുഖ അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. മഹ്മൂദ് അഹമ്മദ് അൽ ഖൈസിയയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. യുഎഇയുടെ രൂപീകരണ കാലം മുതൽ രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ വലിയ സംഭാവനകൾ നൽകിയ വ്യക്തിയായിരുന്നു അദ്ദേഹം.
രാഷ്ട്രപിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാനൊപ്പം ചേർന്ന് രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കെട്ടിപ്പടുക്കുന്നതിൽ ഡോ. മഹ്മൂദ് പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് എക്സ് (X) പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പിൽ യുഎഇ പ്രസിഡന്റ് അനുസ്മരിച്ചു.

ഷെയ്ഖ് സായിദിന്റെ മക്കൾ ഉൾപ്പെടെയുള്ള പ്രമുഖ ഭരണാധികാരികളുടെ വിദ്യാഭ്യാസത്തിന്റെ മേൽനോട്ടം വഹിച്ചിരുന്നത് ഇദ്ദേഹമായിരുന്നു. കേവലം പാഠപുസ്തക പഠനത്തിനപ്പുറം അച്ചടക്കവും ദേശീയ മൂല്യങ്ങളും പുതിയ തലമുറയിലേക്ക് പകർന്നുനൽകിയ അധ്യാപകനായിരുന്നു അദ്ദേഹം. യുഎഇ യൂണിയൻ രൂപീകരണത്തിന് ശേഷം നിരവധി തലമുറകളെ വാർത്തെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ പ്രവാസികളും വിദ്യാർത്ഥികളും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തുന്നത്.

You may also like