Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 10:40 PM

പാർക്കിങ് ഫീസ് ഇനി ഓട്ടോമാറ്റിക്കായി കുറയും; അബുദാബിയിൽ ‘ഫ്രീ ഫ്ലോ’ സംവിധാനം

by Raneesha Razak

അബുദാബി : വാഹനയാത്രക്കാർക്ക് വലിയ ആശ്വാസമേകി പാർക്കിങ് ഫീസ് അടയ്ക്കാൻ പുതിയ സ്മാർട്ട് സംവിധാനം അവതരിപ്പിച്ച് അബുദാബി. ക്യു മൊബിലിറ്റി (Q Mobility) പുറത്തിറക്കിയ ഈ പുതിയ ‘ഫ്രീ ഫ്ലോ പെയ്ഡ് പാർക്കിങ് സിസ്റ്റം’ (Free Flow Paid Parking System) വഴി ഉപഭോക്താക്കളുടെ ‘ദർബ്’ (Darb) ആപ്പ് വാലറ്റിൽ നിന്ന് പാർക്കിങ് ഫീസ് തനിയെ ഈടാക്കും. കൃത്രിമബുദ്ധിയും (AI) ഓട്ടോമാറ്റിക് ലൈസൻസ് പ്ലേറ്റ് തിരിച്ചറിയൽ സാങ്കേതികവിദ്യയും ഉപയോഗിച്ചാണ് ഈ അത്യാധുനിക സംവിധാനം പ്രവർത്തിക്കുന്നത്. വാഹനം പാർക്കിങ് ഏരിയയിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ പാർക്കിങ് സെഷൻ സ്വയം ആരംഭിക്കുകയും, വാഹനം പുറത്തുപോകുമ്പോൾ സമയം കണക്കാക്കി കൃത്യമായ തുക ദർബ് വാലറ്റിൽ നിന്ന് ഓട്ടോമാറ്റിക്കായി കുറയ്ക്കുകയും ചെയ്യും. ഇതോടെ പാർക്കിങ് ഫീസിനായി എസ്എംഎസ് അയക്കുകയോ, പേയ്‌മെന്റ് മെഷീനുകൾ തിരയുകയോ, ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ വേണ്ടതില്ല.

പേപ്പർ ടിക്കറ്റുകളും പണമിടപാടുകളും പൂർണ്ണമായും ഒഴിവാക്കുന്നതിലൂടെ ഡ്രൈവർമാരുടെ സമയലാഭത്തോടൊപ്പം പാർക്കിങ് മാനേജ്‌മെന്റ് കൂടുതൽ കാര്യക്ഷമമാക്കാനും ഇതിലൂടെ സാധിക്കും. അബുദാബിയിലെ വിവിധ സെക്ടറുകളിലും തിരഞ്ഞെടുത്ത സ്വകാര്യ പാർക്കിങ് കേന്ദ്രങ്ങളിലും ഈ സേവനം ഘട്ടഘട്ടമായി നടപ്പിലാക്കും. തടസ്സമില്ലാത്ത പണമിടപാടുകൾ ഉറപ്പാക്കാനും പിഴകൾ ഒഴിവാക്കാനുമായി വാഹന ഉടമകൾ തങ്ങളുടെ ദർബ് ഇ-വാലറ്റിൽ ആവശ്യത്തിന് ബാലൻസ് സൂക്ഷിക്കണമെന്ന് ക്യു മൊബിലിറ്റി പ്രത്യേകം ഓർമ്മിപ്പിച്ചു.

You may also like