Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:35 PM

എമിറാത്തി പൈതൃകം വരുംതലമുറയ്ക്ക് പകർന്നുനൽകാൻ ‘ജനറേഷൻസ് ഇൻ മജ്‌ലിസ്’

by Raneesha Razak

ദുബായ് : യുവാക്കളും മുതിർന്നവരും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കാനും എമിറാത്തി പൈതൃകം അടുത്ത തലമുറയ്ക്ക് പകർന്നുനൽകാനുമായി ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി (സിഡിഎ) ‘ജനറേഷൻസ് ഇൻ മജ്‌ലിസ്’ എന്ന വേറിട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പ്രഖ്യാപിച്ച ‘സീസൺ ഓഫ് വുൾഫ’യുടെ ഭാഗമായാണ് ‘കണക്റ്റഡ് ജനറേഷൻസ്’ എന്ന മാതൃകാ പ്രോഗ്രാമിന് കീഴിൽ ഈ കൂട്ടായ്മ സംഘടിപ്പിക്കുന്നത്. മേയ് 21 വരെ നീണ്ടുനിൽക്കുന്ന ഈ പരിപാടിയിൽ ആറ് മുതൽ 15 വയസ്സ് വരെയുള്ള കുട്ടികളെയാണ് മുതിർന്ന പൗരന്മാർക്കൊപ്പം സംവേദനാത്മകമായ ഒരു സാമൂഹിക അന്തരീക്ഷത്തിൽ ഒരുമിച്ച് ഇരുത്തുന്നത്. ബലിപെരുന്നാൾ (ഈദ് അൽ അദ്ഹ) ആഘോഷങ്ങളുടെ മുന്നോടിയായി എത്തുന്ന ഈ സംരംഭം, എമിറാത്തി സാമൂഹിക ജീവിതത്തിന്റെ ആണിക്കല്ലായ ‘മജ്‌ലിസ്’ എന്ന പരമ്പരാഗത കൂട്ടായ്മകളെ സമകാലിക ശൈലിയിൽ വീണ്ടെടുക്കുകയാണ് ചെയ്യുന്നത്.

ദേശീയ സ്വത്വവും എമിറാത്തി മൂല്യങ്ങളും ചെറുപ്പക്കാരിലേക്ക് നേരിട്ടുള്ള അനുഭവങ്ങളിലൂടെ പകർന്നുനൽകാൻ ഈ കൂട്ടായ്മ ഉപകരിക്കുമെന്ന് സിഡിഎ കമ്മ്യൂണിറ്റി പ്രോഗ്രാം വിഭാഗം ഡയറക്ടർ റീം അൽ അവാബെദ് വ്യക്തമാക്കി. അൽ വർഖ മജ്‌ലിസ്, ഹത്ത കമ്മ്യൂണിറ്റി സെന്റർ, അൽ ഖവാനീജ് മജ്‌ലിസ്, നാദ് അൽ ഷെബ മജ്‌ലിസ് എന്നിവിടങ്ങളിലാണ് നിലവിൽ ഈ പ്രോഗ്രാം നടക്കുന്നത്. മുതിർന്ന പൗരന്മാർ കഥാകാരന്മാരും വഴികാട്ടികളുമായി മാറുന്ന ഈ മജ്‌ലിസുകളിൽ, മുൻകാലങ്ങളിലെ ജീവിതരീതികളും പെരുന്നാൾ ഓർമ്മകളും അവർ കുട്ടികളുമായി പങ്കുവെക്കുന്നു. എമിറാത്തി മര്യാദകൾ (അൽ സനാ), അതിഥി സൽക്കാര രീതികൾ, അറബിക് കാപ്പിയുടെയും പെരുന്നാൾ സമ്മാനങ്ങളുടെയും (ഈദിയ) സാംസ്കാരിക പ്രാധാന്യം എന്നിവയെല്ലാം കുട്ടികൾ ഇവിടെ നിന്ന് മനസ്സിലാക്കുന്നു. കേവലം കഥപറച്ചിലുകൾക്കപ്പുറം, വാമൊഴിയായി കൈമാറിവന്ന പാരമ്പര്യത്തെ സജീവമായ കമ്മ്യൂണിറ്റി അനുഭവങ്ങളാക്കി മാറ്റിക്കൊണ്ട് സാമൂഹിക ഐക്യം ഉറപ്പാക്കാനും ദുബായുടെ സാംസ്കാരിക തനിമ വരുംതലമുറയിലേക്ക് സുരക്ഷിതമായി എത്തിക്കാനും ഈ സംരംഭത്തിലൂടെ സാധിക്കുമെന്നാണ് അതോറിറ്റിയുടെ വിലയിരുത്തൽ.

You may also like