ദുബായ് : ഫ്രാൻസിൽ നടക്കുന്ന 79-ാമത് കാൻ ചലച്ചിത്രമേളയിൽ വലിയ ചലച്ചിത്ര മോഹങ്ങളുമായി ദുബായ് സജീവമാകുന്നു. എമിറേറ്റിനെ ലോകത്തിലെ ഏറ്റവും വലിയ ആഗോള ചലച്ചിത്ര നിർമ്മാണ കേന്ദ്രങ്ങളിലൊന്നാക്കി മാറ്റാനുള്ള ശ്രമങ്ങളുടെ ഭാഗമായി ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ (DFGC) മേളയിൽ ശക്തമായ സാന്നിധ്യമുറപ്പിച്ചു കഴിഞ്ഞു. മേളയിൽ ദുബായുടെ വികസിച്ചുകൊണ്ടിരിക്കുന്ന സിനിമാ അടിസ്ഥാന സൗകര്യങ്ങളും സർഗ്ഗാത്മക അന്തരീക്ഷവും അന്താരാഷ്ട്ര തലത്തിലുള്ള വലിയ ലക്ഷ്യങ്ങളും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള വേദിയായി മാറിയിരിക്കുകയാണ്. ആഗോള സ്റ്റുഡിയോകൾ, നിർമ്മാതാക്കൾ, ചലച്ചിത്ര രംഗത്തെ പ്രമുഖർ എന്നിവരുമായുള്ള ബന്ധം ശക്തമാക്കുന്നതിനാണ് ദുബായ് സംഘം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ദുബായ് ഫിലിംസ് ആൻഡ് ഗെയിംസ് കമ്മീഷൻ സിഇഒ ഹിഷാം അൽ ഒലാമയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് മേളയിൽ പങ്കെടുക്കുന്നത്. ഭാവിയിലെ സഹകരണങ്ങൾ, സർഗ്ഗാത്മക പങ്കാളിത്തങ്ങൾ, ദുബായിൽ അന്താരാഷ്ട്ര സിനിമകൾ നിർമ്മിക്കുന്നതിനുള്ള അവസരങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം പ്രമുഖ സ്റ്റുഡിയോകളുമായും നിർമ്മാതാക്കളുമായും ചർച്ചകൾ നടത്തി. ആഗോള ചലച്ചിത്ര വ്യവസായവുമായി കൈകോർക്കുന്നതിന്റയും, ദുബായെ മുൻനിര സിനിമാ ഹബ്ബാക്കി മാറ്റാനുള്ള ദീർഘകാല കാഴ്ചപ്പാടിന്റെയും അടുത്ത ഘട്ടമാണ് കാൻ മേളയിലെ പങ്കാളിത്തമെന്ന് ഹിഷാം അൽ ഒലാമ പറഞ്ഞു. പുതിയ പ്രതിഭകളെ പിന്തുണയ്ക്കാനും സിനിമകളുടെ വാണിജ്യ-സർഗ്ഗാത്മക സാധ്യതകൾ വളർത്താനുമുള്ള സാഹചര്യം ഒരുക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.