Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:04 PM

ജെബൽ അലി തുറമുഖം സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

by Raneesha Razak

ദുബായ് : ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ജെബൽ അലി തുറമുഖം സന്ദർശിച്ചു. ഡിപി വേൾഡ് (DP World) നിയന്ത്രിക്കുന്ന തുറമുഖത്തെ പ്രവർത്തനങ്ങൾ വിലയിരുത്താനും മേഖലയിലെ വ്യാപാര ശൃംഖല ശക്തമാക്കുന്ന നിക്ഷേപങ്ങൾ നേരിട്ട് കണ്ടറിയാനുമാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ട്രക്കുകൾ വഴിയും റെയിൽവേ വഴിയും ഏകദേശം രണ്ട് ലക്ഷം കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്ത തുറമുഖത്തിന്റെ മികച്ച പ്രകടനത്തെക്കുറിച്ച് ഉദ്യോഗസ്ഥർ അദ്ദേഹത്തോട് വിശദീകരിച്ചു.

കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി ആഗോള വ്യാപാരത്തിന്റെ ഹൃദയമിടിപ്പായി ജെബൽ അലി തുറമുഖം നിലകൊള്ളുകയാണെന്ന് ഷെയ്ഖ് ഹംദാൻ പറഞ്ഞു. ഏത് സാഹചര്യത്തിലും തടസ്സമില്ലാത്ത വ്യാപാരം ഉറപ്പാക്കുന്നതിൽ ഈ തുറമുഖം വഹിക്കുന്ന പങ്ക് വലുതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജെബൽ അലിയിലെ റെയിൽ ടെർമിനൽ, നൂതനമായ ‘ബോക്സ്ബേ’ (BOXBAY) സ്റ്റോറേജ് സിസ്റ്റം, ടെർമിനൽ 2-ലെ ഓപ്പറേഷൻ സെന്റർ എന്നിവ അദ്ദേഹം സന്ദർശിച്ചു. ചരക്ക് നീക്കം വേഗത്തിലാക്കാൻ സഹായിക്കുന്ന പുതിയ സാങ്കേതിക വിദ്യകളെയും അദ്ദേഹം പ്രശംസിച്ചു.

മധ്യപൂർവേഷ്യയിലെ വ്യാപാരത്തിന്റെ നട്ടെല്ലായ ജെബൽ അലി തുറമുഖം 12,000-ത്തോളം കമ്പനികളെ ആഗോള വിപണിയുമായി ബന്ധിപ്പിക്കുന്നുണ്ട്. റെയിൽവേ ശൃംഖലയെ തുറമുഖവുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ കൂടുതൽ കണ്ടെയ്‌നറുകൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഡിപി വേൾഡ് ചെയർമാൻ ഈസ കാസിം അറിയിച്ചു. ദുബായ് ഭരണകൂടത്തിന്റെ ദീർഘവീക്ഷണവും ആധുനികമായ അടിസ്ഥാന സൗകര്യങ്ങളുമാണ് ആഗോള വ്യാപാര രംഗത്ത് ദുബായിയെ മുൻനിരയിൽ എത്തിച്ചതെന്ന് സന്ദർശന വേളയിൽ ഷെയ്ഖ് ഹംദാൻ ഓർമ്മിപ്പിച്ചു.

You may also like