ദുബായ് : ഹോർമുസ് കടലിടുക്കിന് സമീപം ഇന്ത്യൻ രജിസ്ട്രേഷനിലുള്ള തടി കൊണ്ടുണ്ടാക്കിയ ചരക്ക് കപ്പലിന് (Dhow) തീപിടിച്ചു. അപകടത്തിൽ ഒരു ഇന്ത്യൻ നാവികൻ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് അപകടം സ്ഥിരീകരിക്കുകയും മരിച്ചയാളുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് നടുക്കുന്ന ഈ സംഭവം നടന്നത്. തീപിടുത്തത്തെത്തുടർന്ന് കപ്പൽ കടലിൽ മുങ്ങിപ്പോയി. കപ്പലിലുണ്ടായിരുന്ന ആകെ 17 ജീവനക്കാരെയും ആ വഴി കടന്നുപോയ മറ്റൊരു കപ്പൽ രക്ഷപ്പെടുത്തി. പരിക്കേറ്റവർ നിലവിൽ ചികിത്സയിലാണ്.
രക്ഷപ്പെട്ട നാവികരെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർ സന്ദർശിക്കുകയും ആവശ്യമായ മെഡിക്കൽ സഹായം ഉറപ്പാക്കുകയും ചെയ്തു. കപ്പൽ ഉടമയുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും മുൻഗണനാടിസ്ഥാനത്തിൽ എല്ലാ സഹായങ്ങളും നൽകുമെന്നും കോൺസുലേറ്റ് പ്രസ്താവനയിൽ അറിയിച്ചു. ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയ ശേഷം മരിച്ച നാവികന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയക്കാനുള്ള ക്രമീകരണങ്ങൾ നടന്നുവരികയാണ്. ബന്ധുക്കളെ അറിയിക്കേണ്ടതുള്ളതിനാൽ മരിച്ചയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അമേരിക്ക-ഇറാൻ-ഇസ്രായേൽ യുദ്ധസാഹചര്യത്തെത്തുടർന്ന് മേഖലയിൽ വൻ സംഘർഷാവസ്ഥ നിലനിൽക്കുന്ന സമയത്താണ് ഈ അപകടം. നിലവിൽ ഹോർമുസ് കടലിടുക്ക് അടച്ചിട്ടിരിക്കുകയാണ്. കടലിൽ ജോലി ചെയ്യുന്ന എല്ലാ ഇന്ത്യൻ പൗരന്മാരും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും അടിയന്തര സാഹചര്യങ്ങൾക്കായി തൊഴിലുടമകളുമായി നിരന്തരം ബന്ധപ്പെടണമെന്നും കോൺസുലേറ്റ് നിർദ്ദേശിച്ചു.
കടലിലെ തീപിടുത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണ്. മേഖലയിൽ വ്യാപാരത്തിനും മത്സ്യബന്ധനത്തിനും ഉപയോഗിക്കുന്ന തടി കപ്പലുകൾക്ക് സുരക്ഷാ മാർഗ്ഗരേഖകൾ കൃത്യമായി പാലിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.