Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 01:43 AM

യുഎഇയിൽ കടുത്ത ചൂടും പൊടിക്കാറ്റും ; വരും ദിവസങ്ങളിൽ താപനില 45 ഡിഗ്രി വരെ ഉയർന്നേക്കാം

by Raneesha Razak

ദുബായ് : യുഎഇയിൽ തണുത്ത കാലാവസ്ഥ മാറി ചൂട് വർധിക്കുന്നതായി നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. വരും ദിവസങ്ങളിൽ രാജ്യത്ത് കടുത്ത ചൂടിനും പൊടിപടലങ്ങൾ നിറഞ്ഞ കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉൾപ്രദേശങ്ങളിൽ താപനില 40 ഡിഗ്രി മുതൽ 45 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നേക്കാം. തീരപ്രദേശങ്ങളിൽ 39 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില പ്രതീക്ഷിക്കുന്നത്. ചൂടിനോടൊപ്പം അന്തരീക്ഷത്തിൽ ഈർപ്പത്തിന്റെ അളവ് കൂടുന്നത് ജനങ്ങൾക്ക് കൂടുതൽ പ്രയാസമുണ്ടാക്കിയേക്കാം. തീരദേശങ്ങളിൽ രാത്രിയിലും പുലർച്ചെയും ഈർപ്പനില 85 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളത് പുറംജോലികളിൽ ഏർപ്പെടുന്നവർക്കും യാത്രക്കാർക്കും ശാരീരിക അസ്വസ്ഥതകൾക്ക് കാരണമായേക്കാം.

വെള്ളിയാഴ്ച മുതൽ കാറ്റിന്റെ വേഗത വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റിപ്പോർട്ട് ചെയ്യുന്നു. മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇത് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും ആകാശം മേഘാവൃതമാകാനും ഇടയാക്കും. ശനി, ഞായർ ദിവസങ്ങളിൽ തുറന്ന പ്രദേശങ്ങളിൽ മണൽക്കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വാഹനമോടിക്കുന്നവർ പ്രത്യേക ജാഗ്രത പാലിക്കണം. ഒമാൻ കടലിൽ സ്ഥിതിഗതികൾ പൊതുവെ ശാന്തമായിരിക്കുമെങ്കിലും നേരിയ തിരമാലകൾക്ക് സാധ്യതയുള്ളതിനാൽ കടൽയാത്രയ്ക്കും വാരാന്ത്യ വിനോദങ്ങൾക്കും പോകുന്നവർ കാലാവസ്ഥാ റിപ്പോർട്ടുകൾ ശ്രദ്ധിക്കേണ്ടതാണ്.

ചൂട് ഉയരുന്ന സാഹചര്യത്തിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പുറത്ത് ജോലി ചെയ്യുന്നവർ കൃത്യമായ ഇടവേളകൾ എടുക്കാനും നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാനും ശ്രദ്ധിക്കണം. യുഎഇയിലെ ഉച്ചവിശ്രമ നിയമങ്ങൾ (Mid-day break) പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം. ഇതുസംബന്ധിച്ച കൂടുതൽ അറിയിപ്പുകൾ വരും ദിവസങ്ങളിൽ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകാൻ സാധ്യതയുണ്ട്. നിർജ്ജലീകരണം ഒഴിവാക്കാൻ ധാരാളം വെള്ളം കുടിക്കണമെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം ഓർമ്മിപ്പിച്ചു.

You may also like