Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 02:02 PM

യുഎഇയിലെ കഠിനമായ വേനൽച്ചൂട്: കാരണങ്ങൾ വിശദീകരിച്ച് കാലാവസ്ഥാ വിദഗ്ധർ

by Raneesha Razak

ദുബായ് : ആകാശചുംബികളായ കെട്ടിടങ്ങൾക്കും വൻ വികസന പദ്ധതികൾക്കും മാത്രമല്ല, കഠിനമായ വേനൽക്കാലത്തിനും പേരുകേട്ട രാജ്യമാണ് യുഎഇ. ചില ദിവസങ്ങളിൽ ശ്വാസം മുട്ടിക്കുന്ന ഈർപ്പവും മറ്റ് ചിലപ്പോൾ വരണ്ട ചൂടും അനുഭവപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിച്ചിരിക്കുകയാണ് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ (NCM) വിദഗ്ധർ. ഭൂമിശാസ്ത്രപരമായ സ്ഥാനം, ഇന്ത്യൻ മൺസൂൺ ന്യൂനമർദത്തിന്റെ സ്വാധീനം, അറേബ്യൻ ഗൾഫിലെ ചൂടുപിടിച്ച ജലം എന്നിവയുടെ സംയോജിത ഫലമാണ് യുഎഇയിലെ ഈ തീവ്രമായ കാലാവസ്ഥയ്ക്ക് കാരണം.

പ്രധാനമായും മൂന്ന് പ്രതിഭാസങ്ങളാണ് യുഎഇയിലെ ചൂട് വർദ്ധിപ്പിക്കുന്നത്. ഉത്തരേന്ത്യയിലും പാകിസ്ഥാനിലും രൂപപ്പെട്ട് ഇറാൻ, കുവൈറ്റ്, ഇറാഖ് വഴി അറേബ്യൻ ഉപദ്വീപിലേക്ക് എത്തുന്ന ‘ഇന്ത്യൻ മൺസൂൺ ലോ’  ആണ് ഇതിൽ ഒന്നാമത്തേത്. ഈ ഉഷ്ണതരംഗം ലോകത്തിലെ ഏറ്റവും വലിയ മണൽ മരുഭൂമിയായ റുബഅ് അൽ ഖാലിയിലൂടെ കടന്നുപോകുമ്പോൾ ചൂട് വീണ്ടും കൂടുമെന്ന് വിദഗ്ധർ പറയുന്നു. രണ്ടാമതായി, അറേബ്യൻ ഉപദ്വീപിന് മുകളിൽ കേന്ദ്രീകരിക്കുന്ന താപ ഉപരിതല ന്യൂനമർദങ്ങൾ ഉൾപ്രദേശങ്ങളിലും ദക്ഷിണ മേഖലകളിലും താപനില 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ കാരണമാകുന്നു.

ചൂട് കൂടാനുള്ള മൂന്നാമത്തെ കാരണം ഈ സമയത്ത് വീശുന്ന കാറ്റിന്റെ ദിശയാണ്. കിഴക്കൻ മേഖലകളിൽ നിന്നും തെക്കുപടിഞ്ഞാറൻ മരുഭൂമി പ്രദേശങ്ങളിൽ നിന്നും വരുന്ന ചൂടുള്ള കാറ്റ് രാജ്യത്തുടനീളം താപനില ഉയർത്തുന്നു. ഇന്ത്യൻ സമുദ്രത്തിൽ നിന്നുള്ള ഈർപ്പമുള്ള വായു രാജ്യത്തേക്ക് എത്തുന്നതോടെ ചൂടിനൊപ്പം അസഹനീയമായ ഹ്യുമിഡിറ്റിയും  അനുഭവപ്പെടുന്നു. അതുകൊണ്ടുതന്നെ വേനൽക്കാലത്ത് കൃത്യമായ മുൻകരുതലുകൾ എടുക്കണമെന്നും ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണമെന്നും അധികൃതർ താമസക്കാർക്ക് നിർദ്ദേശം നൽകി.

You may also like